Asha Worker’s Cliff House March| ആശമാര്‍ ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും; എട്ടുമാസത്തെ അതിജീവന സമരത്തിന് ശക്തി പകരും

Jaihind News Bureau
Wednesday, October 22, 2025

തിരുവനന്തപുരം: കഴിഞ്ഞ എട്ടുമാസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അതിജീവന പോരാട്ടം നടത്തുന്ന അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ആശ) വര്‍ക്കര്‍മാര്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ രാവും പകലും ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്യുന്ന ആശമാരോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ (KAHWA) നേതൃത്വത്തിലാണ് മാര്‍ച്ച്. രാവിലെ പത്ത് മണിക്ക് പി.എം.ജി. ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. നൂറുകണക്കിന് ആശാ വര്‍ക്കര്‍മാരും സമരത്തിന് പിന്തുണയുമായി സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും മാര്‍ച്ചില്‍ പങ്കെടുക്കും.

നിലവില്‍ ദിവസക്കൂലി 233 രൂപ മാത്രമാണ് ആശമാര്‍ക്ക് ലഭിക്കുന്നത്. ഇത് ഉയര്‍ത്തി 21,000 രൂപയെങ്കിലും പ്രതിമാസ ഓണറേറിയം നല്‍കുക, ആശാ വര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുക, ഓണറേറിയം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമിച്ച ഹരിത വി. കുമാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൊതുജനസമക്ഷം വെളിപ്പെടുത്തുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

എട്ട് മാസമായി വെയിലും മഴയുമേറ്റ് തെരുവില്‍ കഴിയുന്ന സ്ത്രീ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് മുഖ്യമന്ത്രി മുഖം തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് KAHWA സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍ അഭിപ്രായപ്പെട്ടു. അവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ആശാ വര്‍ക്കര്‍മാരുടെ തീരുമാനം. സമരത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.