
തിരുവനന്തപുരം: കായിക കേരളത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി 67-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് തലസ്ഥാന നഗരിയില്‍ പ്രൗഢോജ്ജ്വലമായ തുടക്കം. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇനി ഏഴ് ദിവസത്തേക്ക് നഗരം കായിക മാമാങ്കത്തിന്റെ ആവേശത്തിലാകും. 41 കായിക ഇനങ്ങളിലായി, 12 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
സ്കൂള്‍ കായികമേള ഒളിമ്പിക്സ് മാതൃകയില്‍ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. രാജ്യത്ത് തന്നെ ഇത് ഒരു പ്രത്യേകതയാണ്. 20,000-ത്തോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നു. കൂടാതെ, 2,000 ഭിന്നശേഷി കുട്ടികളും ഗള്‍ഫ് മേഖലയിലെ കേരള സിലബസ് സ്കൂളുകളില്‍ നിന്നുള്ള 35 കുട്ടികളും ഇത്തവണ മേളയുടെ ഭാഗമാകുന്നുണ്ട്. ഇത്തവണത്തെ മേളയില്‍ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഇന്‍ക്ലൂസീവ് സ്പോര്‍ട്സില്‍ പെണ്‍കുട്ടികള്‍ക്കായി ‘ബോച്ചേ’യും ആണ്‍കുട്ടികള്‍ക്കായി ‘ക്രിക്കറ്റും’ ആദ്യമായി ഉള്‍പ്പെടുത്തി. തനത് ആയോധന കലയായ കളരി ജനറല്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ 117.5 പവന്റെ സ്വര്‍ണ്ണക്കപ്പ് സമ്മാനമായി ലഭിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബ്രാന്‍ഡ് അംബാസഡറും, ദേശീയ അവാര്‍ഡ് ജേതാവായ നടി കീര്‍ത്തി സുരേഷ് ഗുഡ്വില് അംബാസഡറുമാണ്. മേളയുടെ തീം സോങ്ങിന്റെ ഗാനരചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ്.
മുന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനും ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് എച്ച്.എം. കരുണപ്രിയയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ ജൂനിയര്‍ ടീം അംഗം അദ്ധീന മറിയം സ്കൂള്‍ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍, എസ്.പി.സി., എന്‍.സി.സി. കേഡറ്റുകള്‍, സ്കൗട്ട്സ് & ഗൈഡ്സ്, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് താരങ്ങള്‍ എന്നിവര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റും നടന്നു. സഞ്ജു സാംസണ്, കീര്‍ത്തി സുരേഷ് എന്നിവരുടെ സന്ദേശങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, മുന്‍ കായിക താരങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.