Asha Strike| ആശാ സമരം: രാഷ്ട്രപതിക്ക് കത്തയച്ച് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍

Jaihind News Bureau
Tuesday, October 21, 2025

 

എട്ട് മാസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശ സമരം ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

ഉയര്‍ന്ന ജീവിത ചെലവുള്ള കേരളത്തില്‍ ആശമാര്‍ക്ക് ലഭ്യമാകുന്ന ഓണറേറിയം ദിനംപ്രതി വെറും 233 രൂപയാണ്. കേരളത്തിലെ തന്നെ മിനിമം വേതനമായ 700 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ആശമാര്‍ ആവശ്യപ്പെടുന്നത്. ഭരണ കക്ഷിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അത് തന്നെയായിരുന്നു.

ജീവിതത്തിന്റെ പ്രധാന ഭാഗം മുഴുവനും സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്ന ആശമാര്‍ക്ക് വിരമിക്കുന്ന സമയത്ത് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കണം എന്ന ആവശ്യം അങ്ങേയറ്റം ന്യായമാണ്. സമരം ചെയ്യുന്ന ആശമാര്‍ക്കൊപ്പമാണ് പൊതു സമൂഹം എന്ന് കഴിഞ്ഞ 8 മാസമായി സമരത്തിന് ലഭിക്കുന്ന ജനപിന്തുണ തെളിയിച്ചിട്ടുണ്ട്.

ജീവല്‍ പ്രധാനങ്ങളായ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി തവണ സര്‍ക്കാരിന്റെ വിവിധ ശ്രേണികളെ സമീപിച്ചു. ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ഈ രാജ്യത്തെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരായിട്ടുള്ള ആശമാരുടെ വേദന മനസ്സിലാക്കി സമരം ഒത്തുതീര്‍പ്പാക്കാന്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി അടിയന്തരമായി ഇടപെടണം എന്നാണ് കത്തില്‍ കെ എ എച്ച് ഡബ്ല്യു എ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി തലസ്ഥാനത്തുള്ള ദിവസം തന്നെയാണ് ആശമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ച് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.