Aloshius Xavier| സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഔദാര്യത്തിലല്ല വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്; ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് കരുതേണ്ട : അലോഷ്യസ് സേവ്യര്‍

Jaihind News Bureau
Tuesday, October 21, 2025

 

ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളോടും മാതാപിതാക്കളോടുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗ്ഗീസിന്റെ ഭീഷണി പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഔദാര്യത്തിലല്ല വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് എന്ന് ഓര്‍മ്മ വേണം. ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന സ്ഥിരം ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ വില പോവില്ല. ശക്തമായ മറുപടി ഉണ്ടാകും. സിപിഎം ജില്ലാ സെക്രട്ടറി വിദ്യാര്‍ത്ഥികളോടും, രക്ഷകര്‍ത്താക്കളോടും മാപ്പു പറയണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

വേണേല്‍ പഠിച്ചാല്‍ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം” എന്ന പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണ്. ‘സിപിഎം പാര്‍ട്ടിയാണ് പരമാധികാരി’ എന്ന തെറ്റിദ്ധാരണ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് വേണ്ട. ജനങ്ങളാണ് ജനാധിപത്യ സംവിധാനത്തില്‍ യഥാര്‍ത്ഥ അധികാരികള്‍. ഇത് കാരണഭൂതന്റെ അനുയായികള്‍ മറന്നു പോകരുത്.

ചുവന്ന കൊടി കുത്തി സ്ഥാപനങ്ങള്‍ പൂട്ടിച്ചു ശീലമുള്ള സി വി വര്‍ഗീസ് താങ്കളുടെ പിതൃ സ്വത്തല്ല ഇടുക്കി മെഡിക്കല്‍ കോളേജ് എന്ന് മനസ്സിലാക്കണം. കലക്ടറുടെ ചേമ്പറില്‍ നടക്കേണ്ട യോഗം സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസില്‍ നടന്നു എന്നതുകൊണ്ട് കളക്ടറും സിപിഎം ജില്ലാസെക്രട്ടറിയും ഒരേ ഗ്രേഡ് ഓഫീസര്‍മാര്‍ ആണെന്നാണോ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കരുതുന്നത്.

യോഗം പാര്‍ട്ടി ഓഫീസില്‍ വച്ച് നടത്താന്‍ നേതൃത്വം കൊടുത്ത അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണം.വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന വിഷയത്തില്‍ ആരോഗ്യ മന്ത്രിയും, ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും നിലപാട് വ്യക്തമാക്കണം.

വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ പിടിഎ അംഗത്തോട് ”എന്നെപ്പറ്റി ശരിക്കും അറിയാമോ?” എന്ന സി.വി വര്‍ഗ്ഗീസിന്റെ മറുപടി ഭയപ്പെടുത്തി കീഴ്‌പെടുത്താം എന്ന ശൈലിയുടെ ഭാഗമാണ്. വിഷയത്തില്‍ ജനകീയ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.