ടോക്കിയോ: ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി പദത്തിലേക്ക്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍.ഡി.പി.) നേതാവ് സനേ തകായിച്ചി (64) രാജ്യത്തിന്റെ 104-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിച്ചാണ് കണ്‍സര്‍വേറ്റീവ് നേതാവായ സനേ തകായിച്ചി അധികാരം ഏറ്റെടുത്തത്. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എല്‍.ഡി.പിക്ക് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെച്ച ഒഴിവിലാണ് പുതിയ പ്രധാനമന്ത്രി എത്തുന്നത്. മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിശ്വസ്തയും പിന്‍ഗാമിയുമായി കണക്കാക്കപ്പെടുന്ന തകായിച്ചി, ആബെനോമിക്‌സ് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രധാന സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്.
ഷിഗെരു ഇഷിബയുടെ രാജിക്ക് ശേഷം നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് തകായിച്ചിയുടെ സ്ഥാനാരോഹണത്തോടെ വിരാമമായത്. തന്റെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിനായി, ഭരണകക്ഷിയായ എല്‍.ഡി.പി. അവസാന നിമിഷം വലതുപക്ഷ കക്ഷിയായ ‘ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടിയുമായി’ സഖ്യമുണ്ടാക്കി. ഈ സഖ്യത്തിന്റെ പിന്തുണയോടെ തകായിച്ചിക്ക് പാര്‍ലമെന്റിന്റെ അധോസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞു.
ചുമതലയേറ്റതിന് പിന്നാലെ സനേ തകായിച്ചി പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. പാര്‍ട്ടിക്കുള്ളിലെ ഐക്യം ഉറപ്പാക്കുന്നതിനായി തകായിച്ചി പാര്‍ട്ടി നേതൃത്വ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എതിരാളികള്‍ക്ക് ഉള്‍പ്പെടെ മന്ത്രിസഭയില്‍ പ്രധാന പദവികള്‍ നല്‍കിയിട്ടുണ്ട്. ധനകാര്യ മന്ത്രിയായി സാറ്റ്സുകി കാറ്റയാമയെ നിയമിച്ചതോടെ ജപ്പാന് ആദ്യ വനിതാ ധനകാര്യ മന്ത്രിയെയും ലഭിച്ചു.
എന്നാല്‍, സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന വിലക്കയറ്റവും ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളികളാണ് തകായിച്ചി സര്‍ക്കാരിനെ കാത്തിരിക്കുന്നത്. കൂടാതെ, പാര്‍ലമെന്റിന്റെ ഇരുസഭകളിലും സഖ്യത്തിന് നേരിയ ഭൂരിപക്ഷം മാത്രമായതിനാല്‍ നിയമനിര്‍മ്മാണങ്ങള്‍ക്കായി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടേണ്ട സാഹചര്യവുമുണ്ട്.
ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെ മാതൃകയാക്കുകയും ‘ജപ്പാനിലെ അയണ്‍ ലേഡി’ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന തകായിച്ചി, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുക, സൈനിക ശക്തി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ശക്തമായ നയങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.