Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് ഒരു മരണം കൂടി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം

Jaihind News Bureau
Tuesday, October 21, 2025

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്സ ബീവി(78) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ഹബ്‌സ ബീവിക്ക് പനി ബാധിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വയോധികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വൃക്കകളടക്കം തകരാറിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്. ഇന്നലെ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. ഇതോടെ എട്ടു പേരാണ് ഈ മാസം മാത്രം മരിച്ചത്. 47 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്.