ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നടത്തിയ പരാമര്‍ശം സി.പി.എമ്മിനും സൈബര്‍ ഹാന്‍ഡിലുകള്‍ക്കും വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മല ചവിട്ടാന്‍ എത്തിയത് പോലീസ് വാങ്ങിക്കൊടുത്ത പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷമാണെന്ന പ്രേമചന്ദ്രന്റെ പ്രസംഗമാണ് സി.പി.എമ്മിനെ വിറളിപിടിപ്പിച്ചത്.
ഈ പ്രസ്താവനയോടെ ശബരിമല യുവതി പ്രവേശന കാലത്തെ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയമായത് സി.പി.എമ്മിന് കനത്ത രാഷ്ട്രീയ തിരിച്ചടിയായി. ഇതേത്തുടര്‍ന്നാണ് സി.പി.എം. സൈബര്‍ ഹാന്‍ഡിലുകള്‍ എം.പിക്കെതിരെ വ്യാപകമായ ആക്രമണം തുടങ്ങിയത്.
എന്നാല്‍, തന്റെ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉറച്ച നിലപാടെടുത്തതോടെ സി.പി.എം. കൂടുതല്‍ വെട്ടിലായി. പ്രസംഗം സി.പി.എമ്മിനെ വേദനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും, സൈബര്‍ ആക്രമണം നടത്തിയാലും നിലപാട് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2018 സെപ്റ്റംബര്‍ 28-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്, അന്നത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീ പ്രവേശനം ഉറപ്പാക്കാന്‍ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബര്‍ 9-ന് രഹന ഫാത്തിമയും ജനുവരി 2-ന് ബിന്ദു അമ്മിണിയും കനക ദുര്‍ഗയും പോലീസ് അകമ്പടിയോടെ മലചവിട്ടിയത്. കോട്ടയത്തെ പോലീസ് ക്ലബ്ബില്‍ വെച്ച് ഉദ്യോഗസ്ഥര്‍ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിന് ശേഷമാണ് ഇവരെ സന്നിധാനത്തേക്ക് കൊണ്ടുപോയതെന്ന അന്നത്തെ വിവാദമാണ് പ്രേമചന്ദ്രന്‍ ഇപ്പോള്‍ വീണ്ടും ഉന്നയിച്ചത്.
പ്രേമചന്ദ്രന്റെ ഈ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ യുവതി പ്രവേശനം ജനങ്ങള്‍ക്കിടയില്‍ വീണ്ടും വിഷയമാകുമെന്ന പരിഭ്രാന്തിയിലാണ് സി.പി.എം. ഈ പരിഭ്രാന്തിയാണ് സൈബര്‍ ഹാന്‍ഡിലുകളുടെ വേട്ടയാടലിന് പിന്നിലെന്നാണ് വിലയിരുത്തല്‍. യുവതി പ്രവേശന കാലത്തെ സി.പി.എം. നടപടികളും ദൃശ്യങ്ങളും ജനങ്ങള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.