KERALA GOVERNMENT| മുഖ്യമന്ത്രി തൊട്ടടുത്ത്; പാളയം തെരുവില്‍ സംഘര്‍ഷം; തൊഴിലാളി പോരാട്ടം കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാരിന്‍റെ കണ്ണില്ലാ ക്രൂരത

Jaihind News Bureau
Tuesday, October 21, 2025

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെച്ചൊല്ലി പാളയത്ത് ഉടലെടുത്ത പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ, പ്രതിഷേധിച്ച വ്യാപാരികളും തൊഴിലാളികളും അനുകൂലിക്കുന്നവരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ച ഒരു വിഭാഗത്തെ കൂകിവിളിച്ചതോടെയാണ് സ്ഥിതി വഷളായത്. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. എന്നാല്‍, ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

അവകാശ പോരാട്ടങ്ങളെ എപ്പോഴും അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം മുമ്പും വ്യക്തമായിട്ടുള്ള ചിത്രമാണ്. തങ്ങളുടെ പ്രകടന പത്രികയിലും പ്രസംഗങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങളെയും പ്രതിഷേധങ്ങളെയും പിന്തുണയ്ക്കുന്നതായി ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വന്തം നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്ന കണ്ണില്ലാ ക്രൂരതയാണ് കാട്ടുന്നത്.

പരമ്പരാഗതമായി തൊഴിലാളികളുടെ പക്ഷത്ത് നില്‍ക്കുന്ന ഭരണകക്ഷിക്ക് സ്വാധീനമുള്ള സംഘടനകള്‍പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രതിഷേധങ്ങളെ സൗകര്യപൂര്‍വ്വം സമീപിക്കുന്നു എന്നാണ് ആക്ഷേപം. വികസനത്തിന്റെ പേരില്‍ പരമ്പരാഗത തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കുകയും പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് നേരിടുകയും ചെയ്യുന്നത് ‘തൊഴിലാളി പക്ഷ സര്‍ക്കാര്‍’ എന്ന പ്രതിച്ഛായക്ക് വിരുദ്ധമാണ്.

തൊട്ടപ്പുറത്ത് പുതിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍ മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. എന്നിട്ടും ഒരു മണിക്കൂറിലേറെയായി സംഘര്‍ഷത്തിലായ വ്യാപാരികളെയും തൊഴിലാളികളെയും ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും പിണറായി തയാറായില്ല. തങ്ങള്‍ക്ക് താല്‍പര്യമുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തൊഴിലാളികളെ ബലം പ്രയോഗിച്ച് നേരിടുന്ന സര്‍ക്കാരിന്റെ ഇത്തരം സമീപനം രാഷ്ട്രീയമായി വലിയ വെല്ലുവിളിയാണ്.