കേരളത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കങ്ങളിലൊന്നായ 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേള മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് നാലിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും.
ഒക്ടോബര്‍ 21 മുതല്‍ 28 വരെ എട്ട് ദിവസങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായുള്ള 1944 കായിക താരങ്ങള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഗള്‍ഫില്‍ നിന്നുള്ളവരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും മേളയുടെ ഭാഗമാകും.
കായിക താരങ്ങളുടെ വിപുലമായ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടന ചടങ്ങിന് തുടക്കമാവുക. ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ അണിനിരക്കും. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ കലാപരിപാടികളും ചടങ്ങിന് മാറ്റേകും. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മേളയുടെ ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് ഗുഡ്വില്‍ അംബാസഡറുമാണ്.
കായികമേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്വയം ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വഹിച്ച തീം സോങ് ആണ് ഇത്തവണത്തേത്. 12 ഗെയിംസ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന സെന്‍ട്രല്‍ സ്റ്റേഡിയമാണ് മുഖ്യ വേദി. ജേതാക്കളാകുന്ന ജില്ലയെ കാത്തിരിക്കുന്നത് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പാണ്. കൗമാരക്കുതിപ്പിന്റെ ആഘോഷവാരത്തിലേക്ക് പ്രവേശിക്കുന്നതോടെ തലസ്ഥാനം ഇനി കായിക ആവേശത്തില്‍ നിറയും.