ഫ്‌ളോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. പ്രസിഡന്‍ഷ്യല്‍ വിമാനത്തിന്റെ ബോര്‍ഡിംഗ്, ഡിപ്പാര്‍ച്ചര്‍ ഏരിയയിലേക്ക് വളരെ അകലെ നിന്ന് ഉന്നം വയ്ക്കാവുന്ന രീതിയില്‍ സ്‌നൈപ്പര്‍ നിരീക്ഷണത്താവളം കണ്ടെത്തി. ഇതേ തുടര്‍ന്ന് അന്വേഷണം എഫ്ബിഐ ഏറ്റെടുത്തു. സുരക്ഷാ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ കയറിയത് ചെറിയ പടികള്‍ ഉപയോഗിച്ചാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതിവേഗത്തില്‍ വിമാനത്തിനുള്ളില്‍ എത്താനാനാണ് ചെറിയ പടികള്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സുരക്ഷാ ഏജന്‍സികളുടെ ഉപദേശം ലഭിച്ചത്.
എന്നാല്‍ സംഭവസ്ഥലത്ത് ആരെയും കണ്ടെത്താനായില്ല. സംഭവസ്ഥലത്ത് നിന്ന് വെടിമരുന്നോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എങ്കിലും, ഇതോടെ വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകള്‍ അടിയന്തിരമായി അവലോകനം ചെയ്യാന്‍ ഉത്തരവിട്ടു. എയര്‍ഫോഴ്‌സ് വണ്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ഫീല്‍ഡിന്റെ ഭാഗത്ത് നിന്ന് ഏകദേശം 200 വാര മാത്രം അകലെയാണ് തടികൊണ്ടുള്ള ഈ നിര്‍മ്മിതി കണ്ടെത്തിയതെന്ന് എഫ്ബിഐ അറിയിച്ചു.
ഇത് ആരാണ് നിര്‍മ്മിച്ചതെന്നോ ആരാണ് ഉപയോഗിച്ചതെന്നോ ഇതുവരെ അറിവായിട്ടില്ല. ഈ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും സമീപകാല സുരക്ഷാ ഭീഷണികളുമായി ബന്ധമുണ്ടോ എന്നും അന്വേഷകര്‍ പരിശോധിച്ചുവരികയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ അധികൃതര്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന്, പ്രസിഡന്റ് ട്രംപ് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന വിമാനത്തിന്റെ പിന്‍ഭാഗത്തെ ചെറിയ പടികള്‍ വഴിയാണ് എയര്‍ഫോഴ്‌സ് വണ്ണില്‍ കയറിയത്. ബോര്‍ഡിംഗ് സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനാണ് രഹസ്യ സേന ഈ ക്രമീകരണം നടത്തിയത്.
ട്രംപിന് നേരെ രണ്ട് വധശ്രമങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. 2024 ജൂലൈയില്‍, പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ നടന്ന ഒരു പ്രചാരണ റാലിക്കിടെ ട്രംപ് ഒരു സ്‌നൈപ്പര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് വേദിക്ക് നേരെ വെടിയുതിര്‍ക്കുകയും അക്രമി രഹസ്യ സേനാംഗങ്ങളാല്‍ വധിക്കപ്പെട്ടു .രണ്ട് മാസത്തിന് ശേഷം, സെപ്റ്റംബര്‍ 15 ന്, വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സിന് സമീപം മറ്റൊരു വധശ്രമം നടത്തിയതിന് 59 വയസ്സുകാരനായ റയാന്‍ വെസ്ലി റൂത്ത് അറസ്റ്റിലായി.