കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ വ്യാപകമായി ബാധിക്കുമെന്ന് ആശങ്കയുയര്‍ത്തി, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം. ശ്രീയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.ഐ. മുഖപത്രമായ ‘ജനയുഗം’. ലേഖനത്തിലൂടെ കടുത്ത വിമര്‍ശനവുമായി സിപിഐ രംഗത്തുവന്നത്. സര്‍ക്കാരിന്റെ ഈ ‘നയ വ്യതിയാനം’ ആത്മഹത്യാപരമാണെന്നും ആര്‍.എസ്.എസ്. തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാട് ബലികഴിക്കരുതെന്നും ലേഖനം തുറന്നടിക്കുന്നു.
കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് പദ്ധതിയില്‍ ഒപ്പിടുന്നത് എന്ന വിദ്യാഭ്യാസ വകുപ്പിന്റെയും എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെയും വാദത്തെ ‘പൊള്ളയായത്’ എന്ന് ലേഖനം വിശേഷിപ്പിക്കുന്നു. അര്‍ഹമായ കേന്ദ്ര വിഹിതം ചോദ്യം ചെയ്തു നേടിയെടുക്കുകയാണ് വേണ്ടതെന്ന നിലപാടാണ് സി.പി.ഐ. ഉയര്‍ത്തുന്നത്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതുകൊണ്ട് ബി.ജെ.പി. ഇതര സംസ്ഥാനങ്ങള്‍ എതിര്‍ത്ത ഈ പദ്ധതിയില്‍ കേരളം ഒപ്പിട്ടാല്‍, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ബദല്‍ തകരുമെന്നാണ് സി.പി.ഐ.യുടെ പ്രധാന ആശങ്ക. ‘പി.എം. ശ്രീ’ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെടുകയും പൊതുവിദ്യാഭ്യാസ മേഖലയില്‍ രണ്ട് തരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇത് ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തിന് വിരുദ്ധമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
പി.എം. ശ്രീയിലെ സി.പി.ഐ.യുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്യുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ, കേന്ദ്ര ഫണ്ടിനായുള്ള പ്രായോഗിക സമീപനവും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടും തമ്മില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു സര്‍ക്കാരിനെയാണ് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കാണുന്നതെന്ന ലേഖനത്തിലെ വിമര്‍ശനം സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ്.