PM SHRI SCHEME KERALA| പി.എം. ശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്‍റെ ‘യൂ ടേണ്‍’; പദ്ധതിയെ ചൊല്ലി എല്‍ഡിഎഫില്‍ കലഹം

Jaihind News Bureau
Monday, October 20, 2025

പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തിയതോടെ, ഇടതുമുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നത വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനായി, പദ്ധതിയില്‍ ഒപ്പിടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതാണ് സി.പി.ഐയുടെ പരസ്യവിമര്‍ശനത്തിന് ഇടയാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരളം ആദ്യം പി.എം. ശ്രീ പദ്ധതിയെ എതിര്‍ത്തത്. ഓരോ ബ്ലോക്കിലെയും രണ്ട് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഓരോ കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്ക് ലഭിക്കുന്ന ഈ പദ്ധതിയില്‍, ‘പി.എം. ശ്രീ’ ബോര്‍ഡ് സ്‌കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കണമെന്ന നിബന്ധനയും എതിര്‍പ്പിന് കാരണമായിരുന്നു.

എന്നാല്‍, സമഗ്രശിക്ഷ കേരളം വഴിയുള്ള 1500 കോടി രൂപയുടെ പദ്ധതികളുടെ കേന്ദ്രവിഹിതം തടഞ്ഞതോടെ വിദ്യാഭ്യാസ വകുപ്പിന് നിലപാട് മാറ്റേണ്ടിവന്നു. വിഷയം സംസ്ഥാന മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തെങ്കിലും സി.പി.ഐ. മന്ത്രിമാരുടെ എതിര്‍പ്പ് കാരണം നീക്കം മരവിച്ചിരുന്നു. പിന്നീട്, സെപ്റ്റംബറില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെ, മന്ത്രിസഭയില്‍ വീണ്ടും ചര്‍ച്ച ചെയ്യാതെ പദ്ധതിയില്‍ ഒപ്പിടാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഈ നീക്കം പുറത്തുവന്നതോടെ സി.പി.ഐ. പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തി. പദ്ധതിയോടുള്ള എതിര്‍പ്പ് തുടരുകയാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ഇടതു സര്‍ക്കാര്‍ എതിര്‍ക്കണമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കൂടിയാലോചന വേണമെന്നും മന്ത്രി കെ. രാജനും തുറന്നടിച്ചു. ഇതോടെ, പി.എം. ശ്രീയുടെ പേരില്‍ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.