Deepawali 2025| ദീപാവലി: ദീപങ്ങളുടെ തിളക്കത്തില്‍ നിറങ്ങളുടെ രംഗോലി; ഐതിഹ്യവും ആഘോഷവും വൈവിധ്യവും സംഗമിക്കുന്ന ഇന്ത്യയുടെ ഉത്സവം

Jaihind News Bureau
Sunday, October 19, 2025

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തിളക്കമാര്‍ന്ന പ്രതീകമാണ് ദീപാവലി. ‘ദീപാവലി’ എന്ന വാക്കിന് ‘ദീപങ്ങളുടെ ആവലി അഥവാ കൂട്ടം’ എന്നാണ് അര്‍ത്ഥം. നാടെങ്ങും ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും വര്‍ണ്ണാഭമായ രംഗോളികള്‍ ഒരുക്കിയും മധുരം പങ്കിട്ടും രാജ്യം അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവം ആഘോഷിക്കുന്നു. അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കുള്ള പ്രയാണത്തെ ഈ ഉത്സവം അടയാളപ്പെടുത്തുന്നു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദക്ഷിണേന്ത്യയില്‍ ഒക്ടോബര്‍ 20 ന് ആഘോഷിക്കുമ്പോള്‍ വടക്കേ ഇന്ത്യയില്‍ അത് ഒക്ടോബര്‍ 21 ചൊവ്വാഴ്ചയാണ്. ഇതിന്റെ ഭാഗമായ മുഹൂര്‍ത്ത വ്യാപാരവും ചൊവ്വാഴ്ച നടക്കും

ദീപാവലിക്ക് ഒരു ഐതിഹ്യം മാത്രമല്ല ഒട്ടേറെയുണ്ട്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒട്ടേറെ കഥകളുണ്ട്. ഇത് ഈ ഉത്സവത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ എടുത്തു കാണിക്കുന്നു:

രാമന്റെ അയോധ്യാപ്രവേശം : ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യങ്ങളിലൊന്ന് ശ്രീരാമനുമായി ബന്ധപ്പെട്ടതാണ്. രാവണനെ നിഗ്രഹിച്ച്, പതിനാല് വര്‍ഷത്തെ വനവാസം പൂര്‍ത്തിയാക്കി സീതയോടും ലക്ഷ്മണനോടും ഹനുമാനോടുമൊപ്പം രാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. അയോധ്യയിലെ ജനങ്ങള്‍ ദീപങ്ങള്‍ കൊളുത്തിയും ആഘോഷങ്ങള്‍ സംഘടിപ്പിച്ചും രാമനെ വരവേറ്റുവെന്നാണ് വിശ്വാസം. ഇത് ധര്‍മ്മത്തിന്റെ വിജയത്തെയും നീതിയുടെ പുനഃസ്ഥാപനത്തെയും സൂചിപ്പിക്കുന്നു. ഉത്തരേന്ത്യയില്‍ പൊതുവെ ഈ ഐതിഹ്യത്തിനാണ് പ്രാധാന്യം.

നരകാസുരവധം : ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായാണ് ദീപാവലി കൊണ്ടാടുന്നത്. നരകാസുരന്‍ ജനങ്ങളെ ദ്രോഹിച്ചിരുന്ന അസുരനായിരുന്നു . കൃഷ്ണന്‍ സത്യഭാമയോടൊപ്പം ചേര്‍ന്ന് നരകാസുരനെ വധിക്കുകയും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. അസുര നിഗ്രഹത്തിനു ശേഷം തിരിച്ചെത്തിയ ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ച് ജനങ്ങള്‍ സ്വീകരിച്ചതായാണ് പുരാണ കഥ. തിന്മയെ നശിപ്പിച്ച് പ്രകാശം കൊണ്ടുവന്നതിന്റെ പ്രതീകമായി ഈ ദിവസം പുലര്‍ച്ചെ എണ്ണതേച്ചുള്ള കുളിയും പുതുവസ്ത്രധാരണവും ദീപം തെളിയിക്കലുമുണ്ട്. ഇതു കൂടാതെ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വതം ഉയര്‍ത്തി ഇന്ദ്രന്റെ കോപത്തില്‍ നിന്ന് ജനങ്ങളെയും കന്നുകാലികളെയും രക്ഷിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമായും ചിലയിടങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നു . ചില പ്രദേശങ്ങളില്‍, മഹാബലിയെ വരവേല്‍ക്കുന്ന ദിനമായും ഇത് ആഘോഷിക്കപ്പെടുന്നു.

മഹാലക്ഷ്മിയുടെ ആഗമനം: ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍, സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവിയെ വരവേല്‍ക്കുന്ന ഉത്സവമായാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി നാളില്‍ ലക്ഷ്മി ദേവി ഭക്തരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നും അവര്‍ക്ക് സമ്പത്തും സമൃദ്ധിയും നല്‍കുമെന്നുമാണ് വിശ്വാസം. ഇതിനായി വീടുകള്‍ വൃത്തിയാക്കി അലങ്കരിച്ച് ദീപങ്ങള്‍ കൊളുത്തി ലക്ഷ്മി പൂജ നടത്തുന്നു. അവരുടെ വിശ്വാസമനുസരിച്ചുള്ള സംവത് വര്‍ഷത്തിന്റെ തുടക്കവും ഈ ദിവസമാണ്.

ജൈനമതത്തിലെ നിര്‍വാണം: ജൈനമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം, തീര്‍ത്ഥങ്കരനായ മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിവസമാണിത്. ആത്മാവിന്റെ പ്രകാശത്തെയും മോക്ഷത്തെയും ഇത് അടയാളപ്പെടുത്തുന്നു.

സിഖ് മതത്തിലെ ബന്ദി ഛോര്‍ ദിവസ്: സിഖ് മതത്തില്‍, ആറാമത്തെ ഗുരുവായ ഗുരു ഹര്‍ഗോബിന്ദ് മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ തടവില്‍ നിന്ന് മോചിതനായി അമൃത്സറില്‍ തിരിച്ചെത്തിയ ദിവസമായാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ‘ബന്ദി ഛോര്‍ ദിവസ്’ (വിമോചന ദിനം) എന്നാണ് ഇത് അറിയപ്പെടുന്നത്.

അഞ്ചുദിവസത്തെ ആഘോഷം

ദീപാവലി ഒരു ദിവസമല്ല, അഞ്ച് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്, ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും ആചാരങ്ങളുമുണ്ട്:

ധന്‍തേരാസ് (ധനത്രയോദശി): ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിനം. ‘ധന്‍’ എന്നാല്‍ സമ്പത്ത്. ഈ ദിവസം സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍, പുതിയ പാത്രങ്ങള്‍ എന്നിവ വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ലക്ഷ്മി ദേവിയെയും ധനത്തിന്റെ ദേവനായ കുബേരനെയും ഈ ദിവസം ആരാധിക്കുന്നു.

നരക ചതുര്‍ദശി / ഛോട്ടി ദീപാവലി: ദക്ഷിണേന്ത്യയില്‍ പ്രധാനമായും ദീപാവലിയായി ആഘോഷിക്കുന്നത് ഈ ദിവസമാണ്. കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കി പുലര്‍ച്ചെ എണ്ണ തേച്ചു കുളിച്ച് (അഭ്യംഗസ്‌നാനം) ദീപങ്ങള്‍ തെളിയിക്കുന്നു. ചെറു ദീപാവലി എന്നും ഇത് അറിയപ്പെടുന്നു.

ദീപാവലി / ലക്ഷ്മി പൂജ: പ്രധാനപ്പെട്ട ദീപാവലി ദിനമാണിത്. വൈകുന്നേരം വീടുകളില്‍ ലക്ഷ്മി പൂജ നടത്തുന്നു. വീടുകള്‍ മണ്‍ചിരാതുകള്‍, മെഴുകുതിരികള്‍, വൈദ്യുത ദീപങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ച് വര്‍ണ്ണാഭമാക്കുന്നു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ കൈമാറിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ദിനം ആഘോഷിക്കുന്നു.

ഗോവര്‍ദ്ധന്‍ പൂജ / ബലിപ്രതിപദ: ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വതം ഉയര്‍ത്തി ഇന്ദ്രന്റെ കോപത്തില്‍ നിന്ന് ജനങ്ങളെയും കന്നുകാലികളെയും രക്ഷിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണിത്. ചില പ്രദേശങ്ങളില്‍, മഹാബലിയെ വരവേല്‍ക്കുന്ന ദിനമായും ഇത് ആഘോഷിക്കപ്പെടുന്നു.

ഭായി ദൂജ് / യമ ദ്വിതീയ: ദീപാവലി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ഈ ദിനം സഹോദരസ്‌നേഹത്തിനായി മാറ്റിവെച്ചിരിക്കുന്നു. സഹോദരിമാര്‍ സഹോദരന്മാരുടെ ക്ഷേമത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്യുന്നു. യമദേവന്റെയും സഹോദരി യമുനാ നദിയുടെയും കഥയുമായി ഈ ദിവസത്തിന് ബന്ധമുണ്ട്.

കേവലം ഒരു ആഘോഷം എന്നതിലുപരി, സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ ഒട്ടേറെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതാണ് ദീപാവലി . തിന്മകളെ അകറ്റി ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും നേരിടാനുള്ള പ്രചോദനം നല്‍കുന്നതാണ ഈ ദിവസം. അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തെ ഇത് അടയാളപ്പെടുത്തുന്നു. നിരാശയെ അകറ്റി പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പുതുവെളിച്ചം ഓരോ മനസ്സിലും നിറയ്ക്കാന്‍ ദീപാവലി സഹായിക്കുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു അവസരം കൂടിയാണിത്. മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറി സ്‌നേഹബന്ധങ്ങള്‍ ദൃഢമാക്കുന്നു. ദീപാവലി പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായും ചില വ്യാപാരികള്‍ കണക്കാക്കുന്നു. പുതിയ കണക്ക് പുസ്തകങ്ങള്‍ ആരംഭിക്കുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു.

ദീപങ്ങളുടെ തിളക്കത്തില്‍, ഐതിഹ്യങ്ങളുടെ ഓര്‍മ്മകളില്‍, വൈവിധ്യമാര്‍ന്ന ആചാരങ്ങളില്‍, ഓരോ ദീപാവലിയും ഇന്ത്യയുടെ ആത്മാവില്‍ ഒരു പുതിയ ഊര്‍ജ്ജവും പ്രകാശവും നിറയ്ക്കുന്നു. അത് കേവലം ഒരു ഉത്സവമല്ല, പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും പ്രതീകമാണ്.