കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കും വൈകുന്നേരം ദര്‍ശനത്തിനെത്തുന്നവര്‍ക്കും നല്‍കുന്ന അത്താഴക്കഞ്ഞിയുടെ പേരില്‍ വന്‍ തുക തട്ടിയെടുത്തതായി കണ്ടെത്തല്‍. 65 ദിവസങ്ങളിലായി ഓരോ ദിവസവും 250 പേര്‍ക്ക് അത്താഴക്കഞ്ഞി നല്‍കിയെന്ന് രേഖപ്പെടുത്തി ദേവസ്വം അധികൃതര്‍ കൈപ്പറ്റിയത് 2.27 ലക്ഷം രൂപയാണ്. എന്നാല്‍, ഇത്രയധികം ആളുകള്‍ എല്ലാ ദിവസവും കഞ്ഞി കഴിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ എണ്ണം വിശ്വാസയോഗ്യമല്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് ഓഡിറ്റില്‍ വ്യക്തമായി.
ശബരിമല തീര്‍ഥാടന കാലയളവായ 2019 നവംബര്‍ 17 മുതല്‍ 2020 ജനുവരി 20 വരെയാണ് തിരുനക്കര ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാത്രി 250 പേര്‍ക്ക് വീതം അത്താഴക്കഞ്ഞി വിതരണം ചെയ്തതായി കണക്കുകള്‍ നല്‍കിയത്. ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുന്‍കൂറായി തുക ചെലവഴിച്ച ശേഷം പിന്നീട് ദേവസ്വം ബോര്‍ഡില്‍ നിന്ന് ഈ തുക എഴുതിയെടുക്കുകയായിരുന്നു പതിവ്.
എന്നാല്‍, ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട അധിക രേഖകളൊന്നും തിരുനക്കര ദേവസ്വം ഹാജരാക്കിയില്ല. മതിയായ രേഖകളില്ലാതെ അത്താഴക്കഞ്ഞിക്ക് വേണ്ടി നല്‍കിയ 2.27 ലക്ഷം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് തിരികെ ഈടാക്കാന്‍ ഓഡിറ്റ് വിഭാഗം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.