കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മ തോക്കുമായി ഒരാള്‍ വേദിയില്‍ എത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിപാടിയാണ് സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിയത്. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തുകയും ഉടന്‍ തന്നെ എല്ലാവരോടും പുറത്തിറങ്ങാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. നിലവില്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.
തോക്കുമായി വേദിയിലേക്ക് കടന്ന ഉദയംപേരൂര്‍ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. സുരക്ഷാ പ്രശ്നം കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഏഴായിരത്തോളം പേര് നിലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ്. പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രീന് വൈകുന്നേരം പരിപാടിയില്‍ പങ്കെടുക്കാനിരിക്കെ ഇത്തരത്തിലൊരു സംഭവം ഉണ്ടായത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രമുഖരും ആയിരക്കണക്കിന് ആളുകളും പങ്കെടുക്കുന്ന ഒരു വേദിയില്‍ തോക്കുമായി ഒരാള്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് കൊച്ചിയില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് വെളിപ്പെടുത്തുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായിരിക്കേണ്ട ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈ സംഭവം പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ജാഗ്രതക്കുറവിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.