HIGHCOURT| ‘കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം, 10 വര്‍ഷമായിട്ടും ക്രമീകരിക്കാനായില്ല’ ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Jaihind News Bureau
Saturday, October 18, 2025

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരവ്-ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിലെ വീഴ്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമായും, 2014-15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പോലും 10 വര്‍ഷത്തിനുശേഷവും ക്രമീകരിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ചെലവഴിച്ച പണത്തിന് വേണ്ടത്ര വൗച്ചറുകള്‍ ഹാജരാക്കാനായില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും ബോര്‍ഡ് കടലാസ് രജിസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍, ഇത് അഴിമതി നടത്താന്‍ വലിയ സാധ്യത നല്‍കുന്നുവെന്ന് കോടതി ചൂണ്ടികാട്ടി. ദേവസ്വം ബോര്‍ഡിലെ അക്കൗണ്ട് ഡിജിറ്റൈസേഷന്‍ അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ വിശദമായ കര്‍മ്മപദ്ധതി നല്‍കാന്‍ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൂടാതെ, സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ ഈ മാസം 30-ന് നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.