Idukki Flood| ഇടുക്കിയെ ഞെട്ടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം: നെടുങ്കണ്ടം മേഖല ദുരിതത്തില്‍; കല്ലാര്‍ പുഴ സംഹാരരുദ്രയായി കരകവിഞ്ഞൊഴുകി

Jaihind News Bureau
Saturday, October 18, 2025

ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് നെടുങ്കണ്ടം പ്രദേശത്തും ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട പ്രളയമാണ് ഇന്നലെ രാത്രിമുതല്‍ കണ്ടത്. ഇത്രയും കാലം കണ്ടിട്ടില്ലാത്ത മഴക്കെടുതികളാണ് ജില്ലയുടെ പല ഭാഗങ്ങളിലും ദുരിതം വിതച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നെടുങ്കണ്ടത്തിന്റെയും സമീപ പ്രദേശങ്ങളുടെയും താളം തെറ്റിച്ചത്.

കല്ലാര്‍ ഡാം തുറന്നുവിട്ടതോടെ കല്ലാര്‍ പുഴ അക്ഷരാര്‍ത്ഥത്തില്‍ സംഹാരരുദ്രയായി കരകവിഞ്ഞൊഴുകി. കുതിച്ചെത്തിയ ശക്തമായ പ്രളയജലത്തില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണ്ണമായി ഉയര്‍ത്തിവെച്ചിട്ടും ജലപ്രവാഹത്തിന്റെ ശക്തിക്ക് ശമനമുണ്ടായില്ല. 2018-ലെ മഹാപ്രളയത്തിന് ശേഷം ഇപ്പോഴാണ് കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായി ഉയര്‍ത്തേണ്ടിവന്നത്.

കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍, ചിന്നാര്‍, കള്ളര്‍മുക്ക് തുടങ്ങിയ ചെറിയ ടൗണുകളെയും പ്രകൃതിരമണീയമായ തൂവല്‍ പ്രദേശത്തെയും പ്രളയം വിഴുങ്ങി. കൂട്ടാറില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രാവലര്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

ഇന്നലെ രാത്രി പത്തുമണിമുതല്‍ പുലര്‍ച്ചെ നാലുമണിവരെ തകര്‍ത്ത പെയ്ത അതിശക്തമായ മഴയാണ് ഈ ദുരന്തങ്ങള്‍ക്ക് മുഖ്യ കാരണം. കട്ടപ്പനയില്‍ വീടിനു മുന്നിലേക്ക് കല്ലും മണ്ണും വെള്ളവും ഇരച്ചുകയറി നാശനഷ്ടങ്ങളുണ്ടായി. പല സ്ഥലങ്ങളിലും രാത്രി നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അര്‍ദ്ധരാത്രിയോടെ കല്ലാറിലെ ജലനിരപ്പ് ഉയര്‍ന്നുവെന്ന മുന്നറിയിപ്പ് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സമയബന്ധിതമായി ലഭിച്ചത് പലര്‍ക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സഹായകരമായി. ഇതിനിടെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നുവിട്ടതായി തമിഴ്നാട് അറിയിച്ചു. പെരിയാറിന്റെ നീരൊഴുക്ക് കൂടുന്നത് തീരവാസികളുടെ ജാഗ്രത അനിവാര്യമാക്കുന്നു.

ഇടുക്കി ജില്ലയുടെ കാര്‍ഷിക-വാണിജ്യ മേഖലയുടെ നട്ടെല്ലായ കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങള്‍ തണുപ്പേറിയ കാലാവസ്ഥയും സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധിയും കൊണ്ട് വേറിട്ടുനില്‍ക്കുന്ന പ്രദേശങ്ങളാണ്. നെടുങ്കണ്ടത്തിനു സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ തൂവല്‍ വെള്ളച്ചാട്ടം (തൂവലരുവി) ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതാണ്. മഴക്കാലത്ത് ശക്തിയാര്‍ജ്ജിച്ച് അതിഗംഭീരമായ ദൃശ്യവിരുന്നൊരുക്കുന്ന ഈ വെള്ളച്ചാട്ട പ്രദേശവും പേമാരിയില്‍ അതിന്റെ സംഹാര രൂപം പൂണ്ട കാഴ്ചയാണ് ഇന്നലെ നെടുങ്കണ്ടം സാക്ഷ്യം വഹിച്ചത്.