സിര്‍ഹിന്ദ്: പഞ്ചാബില്‍ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനിലെത്തിയ ഉടന്‍ തന്നെ കോച്ചിനകത്ത് തീ പടരുകയായിരുന്നു. അപകടത്തില്‍ മൂന്ന് കോച്ചുകളിലേക്ക് തീ പടരുകയും ഒരു കോച്ച് പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു.
ട്രെയിനിന്റെ 19-ാം നമ്പര്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
തീ കണ്ട ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി മാറ്റി. പ്രാഥമിക വിവരമനുസരിച്ച് ആര്‍ക്കും പരിക്കുകളില്ല എന്ന് റെയില്‍വേ അറിയിച്ചു. തീപിടിച്ച ബോഗിയില്‍ നിരവധി പേര് യാത്ര ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
റെയില്‍വേ അധികൃതരും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ആരംഭിക്കുകയും, അധികം വൈകാതെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.