നെന്മാറ സജിതാ വധക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്ന് കോടതി

Jaihind News Bureau
Saturday, October 18, 2025

നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം , അതിക്രമിച്ചു കടക്കല്‍ എന്നീ രണ്ട് വകുപ്പുകളിലായാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ, തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം രൂപയാണ് പ്രതി പിഴയടക്കേണ്ടത്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും എന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ സംഭവം പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, സജിത വധക്കേസ് ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്’ അല്ലെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. പ്രതിഭാഗം വാദിച്ചത്, പ്രതിക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലായിരുന്നെന്നും, ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നുമാണ്.

സജിതയുടെ കൊലപാതകത്തിന് കാരണം തന്റെ ഭാര്യയും മകളും തന്നെ വിട്ടുപോകാന്‍ കാരണം സജിതയാണെന്ന ചെന്താമരയുടെ സംശയമായിരുന്നു. 2019 ഓഗസ്റ്റ് 31-നാണ് സജിത കൊല്ലപ്പെട്ടത്. കേസില്‍ ചോര പതിഞ്ഞ നിലയില്‍ കണ്ടെത്തിയ ചെന്താമരയുടെ കാല്‍പ്പാടുകളും, മല്‍പ്പിടുത്തത്തിനിടെ വീണ് പോക്കറ്റ് കീറിയ വസ്ത്രം ചെന്താമരയുടേതാണ് എന്ന ഭാര്യയുടെ മൊഴിയും നിര്‍ണായക തെളിവുകളായി മാറി. കൂടാതെ, കേസിലെ സാക്ഷികളുടെ മൊഴികളും പ്രതിക്ക് കുരുക്കായെന്ന് കോടതി വിലയിരുത്തി. ശിക്ഷാ വിധി കേള്‍ക്കുന്നതിനായി സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു.