കാബൂള്‍: പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്‍മാറി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന പരമ്പര നവംബര്‍ 5 മുതല്‍ 29 വരെ പാകിസ്ഥാനില്‍ നടക്കേണ്ടതായിരുന്നു.
പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെ പാക്ടിക പ്രവിശ്യയിലെ ഉര്‍ഗൂണില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് പ്രാദേശിക താരങ്ങളായ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ നടപടിയെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) ശക്തമായി അപലപിച്ചു. പാക് നടപടി ‘ഭീരുത്വം’ ആണെന്ന് എസിബി ആരോപിച്ചു.
ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള എസിബിയുടെ തീരുമാനത്തെ അഫ്ഗാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ഖാന്‍ പൂര്‍ണമായും പിന്തുണച്ചു. പാകിസ്ഥാന്റെ നടപടി ‘പ്രാകൃതം’ ആണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്. തുടക്കത്തില്‍, 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് സംഘര്‍ഷത്തിന് അയവ് വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും, പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.