Mehul Choksi| പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസ്: മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ അനുമതി; അറസ്റ്റ് നിയമപരമെന്ന് കോടതി

Jaihind News Bureau
Saturday, October 18, 2025

ന്യൂഡല്‍ഹി: ശതകോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി.) വായ്പാ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി ഉത്തരവിട്ടു. ബെല്‍ജിയന്‍ നഗരമായ ആന്റ്വെര്‍പ്പിലെ കോടതിയാണ് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 2025 ഏപ്രില്‍ 11-ന് ആന്റ്വെര്‍പ്പ് പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്ത നടപടി കോടതി ശരിവച്ചു. അറസ്റ്റിലായ അന്നുമുതല്‍ ചോക്സി തടവിലാണ്. ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇയാള്‍ സമര്‍പ്പിച്ച ഒന്നിലധികം ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു.

ചോക്സിയെ കൈമാറാന്‍ കോടതി ഉത്തരവിട്ടെങ്കിലും, ഉടന്‍തന്നെ ഇന്ത്യയില്‍ എത്തിക്കാനാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കോടതി ഉത്തരവിനെതിരെ 15 ദിവസത്തിനുള്ളില്‍ ബെല്‍ജിയന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ചോക്സിക്ക് നിയമപരമായി അവസരമുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ഉപയോഗിച്ച് 13,000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലെ മുഖ്യപ്രതിയാണ് ചോക്സി. 2018-ല്‍ തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് ചോക്സിയും അനന്തരവന്‍ നീരവ് മോദിയും ഇന്ത്യ വിട്ടത്. 2017-ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പൗരത്വം ചോക്സി സ്വന്തമാക്കിയിരുന്നു. രക്താര്‍ബുദ ചികിത്സയ്ക്കായാണ് ഭാര്യ പ്രീതി ചോക്സിക്കൊപ്പം ഇയാള്‍ ബെല്‍ജിയത്തില്‍ എത്തിയത്. മുംബൈ കോടതിയുടെ ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കെ, ഇന്ത്യയുടെ ആവശ്യപ്രകാരം ചോക്സിയെ ഏപ്രില്‍ 11-ന് ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇന്ത്യയില്‍ ചോക്സിക്കെതിരെ ചുമത്തിയിട്ടുള്ളത്.
തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2,565 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടുകയും ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. നീരവ് മോദിയാണ് കേസിലെ മറ്റൊരു പ്രധാന പ്രതി.