Mozambique boat accident| മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; പിറവം സ്വദേശിയായ മലയാളി അടക്കം അഞ്ച് പേരെ കാണാതായി

Jaihind News Bureau
Saturday, October 18, 2025

 

മൊസാംബിക്ക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ബോട്ട് മറിഞ്ഞ് എണ്ണക്കപ്പലിലെ (എംടി സീ ക്വസ്റ്റ്) മൂന്ന് ഇന്ത്യന്‍ നാവികര്‍ മരിച്ചു. അപകടത്തില്‍ മലയാളിയായ ഒരു യുവാവ് ഉള്‍പ്പെടെ അഞ്ച് പേരെ കാണാതായി. ഇന്നലെയാണ് അപകടം നടന്നത്. കപ്പലിലേക്ക് പുതിയ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ആകെ 12 പേരാണ് ഉണ്ടായിരുന്നത്.

എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിനെയാണ് കാണാതായത്. ഒമ്പത് മാസം മുന്‍പ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച ഇന്ദ്രജിത്ത്, മൂന്ന് ദിവസം മുന്‍പാണ് ആഫ്രിക്കയിലേക്ക് പോയത്. ഇന്ദ്രജിത്തിനെ കണ്ടെത്താനായി മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. കാണാതായ അഞ്ച് പേരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കൂടാതെ രക്ഷപ്പെട്ടവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്ന സൂചനയുണ്ട്. ജീവനക്കാരെ എത്തിച്ചത് ഒരു ഇന്ത്യന്‍ ഏജന്‍സിയായിരുന്നു.