പ്രൗഢോജ്ജ്വല വരവേല്‍പ്പ്; കെപിസിസി വിശ്വാസ സംരക്ഷണ യാത്രകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ചു; ഇന്ന് പന്തളത്ത് സമാപനം

Jaihind News Bureau
Saturday, October 18, 2025

ശബരിമലയിലെ ആചാരലംഘനത്തിനും സ്വര്‍ണ കൊള്ളയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പര്യടനം നടത്തിയ മേഖലാജാഥകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ചു. യുഡിഎഫ് നേതാക്കള്‍ നയിക്കുന്ന പദയാത്രയോടെ വിശ്വാസ സംരക്ഷണ യാത്ര ഇന്ന് പന്തളത്ത് സമാപിക്കും. ആവേശോജ്വലമായ വരവേല്‍പ്പോടെയാണ് യാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചത്.

കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും അടൂര്‍ പ്രകാശും ബെന്നി ബഹനാനും നയിച്ച വിശ്വാസ സംരക്ഷണ ജാഥകള്‍ ചെങ്ങന്നൂരിലാണ് സംഗമിച്ചത്. സംസ്ഥാനത്തുടനീളം വിശ്വാസ സമൂഹം നെഞ്ചിലേറ്റിയ യാത്രയ്ക്ക് സമാപന സംഗമത്തിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ശബരിമലയിലെ വിശ്വാസപ്രമാണങ്ങളെ തച്ചു തകര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി വിശ്വാസ സംരക്ഷണ ജാഥ സംസ്ഥാനത്തുടനീളംമാറുകയായിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം വിശ്വാസ സമൂഹം കൈകോര്‍ത്തതോടെ മേഖല ജാഥകള്‍ ജനകീയ യാത്രയായി മാറി.

ബഹുജന പിന്തുണയില്‍ മുന്നേറിയ കോണ്‍ഗ്രസിന്റെ വിശ്വസ സംരക്ഷണയാത്രയ്ക്ക് യുഡിഎഫ് നേതാക്കള്‍ എല്ലാ കേന്ദ്രങ്ങളിലും വലിയ പിന്തുണയാണ് പകര്‍ന്നത്.
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഒത്താശയില്‍ നടന്ന ശബരിമലയിലെ തീവെട്ടി കൊള്ള തുറന്നുകാട്ടി വിശ്വാസ സമൂഹത്തെ ചേര്‍ത്തുപിടിച്ചാണ് യാത്ര മുന്നേറിയത്.

ചെങ്ങന്നൂരില്‍ സംഗമിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനം യുഡിഎഫ് നേതൃത്വം ഒന്നടങ്കം അണിനിരക്കുന്ന പദയാത്രയോടെയും വിശ്വാസ സംരക്ഷണ സംഗമത്തോടെയും ഇന്ന് പന്തളത്ത് സമാപിക്കും.വൈകുന്നേരം 3 മണിക്ക് കാരക്കാട് ക്ഷേത്ര പരിസരത്ത് നിന്ന് പദയാത്ര ആരംഭിക്കും. തുടര്‍ന്ന് പന്തളം മുന്‍സിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന വിശ്വാസ സംരക്ഷണ സംഗമവും
സമാപന സമ്മേളനവും ചേരും.