ഏറ്റുമാനൂര്‍: സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ പകല്‍ക്കൊള്ള നടത്തുകയാണെന്നും ഭഗവാന്റെ സ്വത്തുക്കള്‍ പോലും കവര്‍ന്നെടുക്കുകയാണെന്നും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ഉണ്ണിക്കൃഷ്ണന് പോറ്റി വെറും മുഖം മാത്രമാണെന്നും, പോറ്റിയെ മുന്നില്‍ നിര്‍ത്തി പിറകില്‍ നിന്ന് മോഷണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ മുരളീധരന് നയിക്കുന്ന കെപിസിസി വിശ്വാസസംരക്ഷണ യാത്ര ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന എങ്ങനെ പുറത്തുവന്നുവെന്ന് അന്വേഷിക്കണമെന്നും ഭഗവാന്റെ സ്വത്ത് കട്ടവരെ കൈയ്യോടെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപ്പട്ടികയില്‍ നിന്നും ആളുകളെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ ഗസ്റ്റ് ഹൗസില്‍ മൂന്ന് സ്ത്രീകളെ താമസിപ്പിച്ചശേഷം സന്നിധാനത്ത് പ്രവേശിപ്പിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്ത് മുന്‍പുണ്ടായ വ്യാജ തീവെപ്പ് പോലുള്ള സംഭവങ്ങളില്‍ സര്‍ക്കാരിനെ ജനങ്ങള്‍ മുട്ടുകുത്തിച്ച ചരിത്രമുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഈ കൊള്ള ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
‘കേരളത്തിലെ ജനങ്ങള്‍ ഈ കൊള്ള കണ്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച കാല് പിന്നോട്ട് വെക്കില്ല. ഈ യാത്ര സംസ്ഥാനത്തെ നിലവിലെ ഭരണത്തിനെതിരെയുള്ള മുന്നറിയിപ്പാണ്, കോണ്‍ഗ്രസ് വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുക്കും,’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. കെ. മുരളീധരന് നയിക്കുന്ന യാത്ര സംസ്ഥാനത്തെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.