Sabarimala | സ്വര്‍ണ്ണക്കൊള്ള നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ച് വിടണമെന്ന് കെ മുരളീധരന്‍; മന്ത്രി വാസവന്‍ സ്ഥാനം രാജിവെക്കണം; മുന്‍ മന്ത്രി കടകംപള്ളിക്ക് എതിരെ കേസ്സെടുക്കണമെന്നും മുരളീധരന്‍

Jaihind News Bureau
Thursday, October 16, 2025

ശബരിമലയില്‍ സഹായശാന്തിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെ സ്‌പോണ്‍സറായി എന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രിയ കാര്യ സമിതിയംഗം കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കെപിസിസി നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ഭാഗമായി നിലമ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് മാത്രമല്ല ഉത്തരവാദിത്വം. സര്‍ക്കാരിനുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശങ്കര്‍ ദാസും, പത്മകുമാറും ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് കേസില്‍ പ്രതിയാണ്. കട്ടവന് ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ കൂട്ടുനിന്നതായും മുരളീധരന്‍ ആരോപിച്ചു. കളവിന് കൂട്ടുനിന്നു, ശബരിമലയിലെ ഭഗവാന്റെ വിഗ്രഹം ഒഴികെ മറ്റെല്ലാ കട്ടു. യോഗദണ്ഡിന് എന്തിനാണ് സ്വര്‍ണ്ണം പൂശിയതെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ ആചാരലംഘനവും ഉണ്ടായി. ദേവന്റെ സ്വര്‍ണ്ണം കട്ടവന്‍ കൊള്ളക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണ്ണക്കൊള്ള നടത്തിയ ഈ ദേവസ്വം ബോര്‍ഡ് പിരിച്ച് വിടണം. ദേവസ്വം മന്ത്രി വാസവന്‍ സ്ഥാനം രാജിവെക്കണം. മുന്‍ മന്ത്രി കടകംപള്ളിക്ക് എതിരെ കേസ്സെടുക്കണമെന്നും അദ്ദേഹം പറഞ്ഞു

കെ.മുരളിധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മലപ്പുറം ജില്ലയിലെ നിലമ്പൂരിലെത്തിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയും , ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. നിലമ്പൂരില്‍ നടന്ന സ്വീകരണ പൊതുയോഗം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഉദ്ഘാടനം ചെയ്തത്. ശബരിമലയുടെ പരിപാവനതയ്ക്കാണ് ഇടതുപക്ഷ ഭരണത്തില്‍ കോട്ടം തട്ടിയിരിക്കുന്നതെന്ന് ദീപ ദാസ് മുന്‍ഷി പറഞ്ഞു. ശബരിമലയിലെ പരിപാവനത സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം മന്ത്രി രാജിവെക്കണം,സംസ്ഥാന സര്‍ക്കാരിന് ഭരണത്തില്‍ തുടരാനും അര്‍ഹതയില്ല.ശബരിമലയില്‍ സ്വര്‍ണ്ണ മോഷണം എങ്ങനെ നടന്നുവെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ട്.കേന്ദ്രത്തില്‍ വോട്ട് കളവ് നടക്കുമ്പോള്‍ കേരളത്തില്‍ സ്വര്‍ണ്ണ കളവ് നടക്കുന്നു.ശബരിമലയിലെ സ്വര്‍ണ്ണം കട്ട കുറ്റവാളികളെ ശിക്ഷിക്കണമെന്നും ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു.