പാലക്കാട്: നെന്മാറ സജിത വധക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശനിയാഴ്ച പ്രസ്താവിക്കും. കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയത് എന്നും കഠിനമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര അതേ കുടുംബത്തിലെ മറ്റു രണ്ടുപേരെ കൂടി കൊലപ്പെടുത്തിയെന്ന ഗുരുതരമായ വസ്തുതയും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വധശിക്ഷ അല്ലെങ്കില്‍ പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിനായി രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി പ്രോസിക്യൂഷന്‍ ഉദ്ധരിച്ചു. ആ കേസില്‍ പ്രതികള്‍ക്ക് പരോള്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇതൊരു അത്യപൂര്‍വമായ കേസാണെന്ന് കണക്കാക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. സജിതയുടെ കൊലപാതകത്തിന് മുമ്പ് ചെന്താമര ഒരു പെറ്റി കേസില്‍ പോലും പ്രതിയായിട്ടില്ല. അതിനാല്‍ ഈ കേസില്‍ ഇരട്ടക്കൊലപാതകം ഒരു അധിക ഘടകമായി പരിഗണിക്കരുത് എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.