പത്തനംതിട്ട: ആറന്മുളയിലെ അഷ്ടമി രോഹിണി വള്ള സദ്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം അവരുടെ ഫേസ് ബുക്ക് പോസ്റ്റ് തിരുത്തി. ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന് ഒരിക്കലും പൊറുക്കില്ല എന്ന വാചകം വെട്ടി ആചാര ലംഘനം എന്നാക്കി. ഭഗവാന് ഒരിക്കലും പൊറുക്കില്ല എന്ന വാചകം പാര്‍ട്ടിക്കകത്ത് തന്നെ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഭഗവാനെ വെട്ടി ആചാരലംഘനമാക്കി മാറ്റിയത്.
ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തില്‍ സെപ്തംബര്‍ 14 ന് നടന്ന വള്ള സദ്യയില്‍ ആചാര ലംഘനം ഉണ്ടായി എന്നത് വ്യാജ പ്രചാരണം എന്ന വാദവുമായാണ് സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി എഫ് ബി പോസ്റ്റില്‍ പാര്‍ട്ടി നിലപാടു വ്യക്തമാക്കിയത്. ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന് ഒരിക്കലും പൊരുക്കില്ല എന്നും സഖാക്കള്‍ പോസ്റ്റിന്റെ ബലം കൂട്ടാന്‍ പറഞ്ഞു വച്ചു. എന്നാല്‍ ഈ വാചകം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായി.
ഒരു മതനിരപേക്ഷ പുരോഗമന പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം, ദൈവത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള ഈ പ്രസ്താവന പത്തനം തിട്ടയിലെ സഖാക്കള്‍ക്ക് പ്രശനമായില്ലെങ്കിലും മറ്റു ചിലര്‍ക്ക് അസ്കിതയുണ്ടാക്കി. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഈ പ്രയോഗം എന്നൊരു വാദം അങ്ങനെ ഉയര്‍ന്നു വന്നു. ‘ഭഗവാന് ഒരിക്കലും പൊറുക്കില്ല’ എന്ന വാചകം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് നിരക്കുന്നതല്ലെന്നും, ഇത് പാര്‍ട്ടിയുടെ മതേതര സ്വഭാവത്തിന് കോട്ടം വരുത്തുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും ചൂണ്ടിക്കാട്ടി. ഈ ആഭ്യന്തര വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ‘ഭഗവാന്’ എന്ന പ്രയോഗം ഒഴിവാക്കി, നിലവിലെ സാഹചര്യത്തിന് അനുയോജ്യവുമായ ‘ആചാര ലംഘനം’ എന്ന വാക്ക് സി.പി.എം പോസ്റ്റില്‍ ഉള്‍പ്പെടുത്തി. അങ്ങനെ എല്ലാവരും പാര്‍ട്ടി നയം പാലിച്ചെന്ന് ഉറപ്പാക്കി.
ആചാര ലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ദരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിശ്വസിക്കില്ല എന്ന് മാത്രമല്ല പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന് എന്നാണ് തിരുത്തിയ പോസ്റ്റിലുള്ളത്. ചൊവ്വാഴ്ച രാത്രിയാണ് ആറന്മുള വിവാദത്തില്‍ വിശദീകരണവുമായി സിപിഎം ജില്ല കമ്മിറ്റി പേജില്‍ കുറിപ്പിട്ടത്. ശബരിമല സ്വര്‍ണപാളി വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നതും അടക്കമുള്ള കാര്യങ്ങള്‍ പറയുന്ന പോസ്റ്റിലെ അവസാന ഭാഗത്തായിരുന്നു ഭഗവാന് ഒരിക്കലും പൊറുക്കില്ല എന്ന ജില്ല കമ്മിറ്റിയുടെ വാചകം.
വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന, ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എമാരെപ്പോലും പരസ്യമായി ശാസിച്ച സിപിഎം രാഷ്ട്രീയ പ്രതിരോധത്തിനായി ഭഗവാനെ പരാമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമായതിനെ തുടര്‍ന്നാണ് ജില്ല കമ്മിറ്റി ഭഗവാനെ വെട്ടിയത്. 2013ല്‍ പാലക്കാട്ട് നടന്ന പാര്‍ട്ടി പ്ലീനം വിശ്വാസ-ആചാരങ്ങള്‍ പിന്തുടരുന്നത് പാര്‍ട്ടി ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിലയിരുത്തല്‍ നടത്തിയിരുന്നു.
ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എമാരായ ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ സംസ്ഥാന കമ്മിറ്റി ശാസിക്കുകയും ചെയ്തു. ഒപ്പം ഗൃഹപ്രവേശത്തിന് ഗണപതി ഹോമം നടത്തിയ സാധാരണ പ്രവര്‍ത്തകര്‍ക്കെതിരെ പോലും പാര്‍ട്ടി ശാസനയും നടപടിയുമായി രംഗത്ത് എത്തിയിരുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ, ദേവന് നിവേദിക്കുന്നതിന് മുന്‍പ് മന്ത്രി വി.എന്‍. വാസവനും മറ്റ് അതിഥികള്‍ക്കും വിളമ്പിയത് വിവാദമായിരുന്നു. ഈ വിവാദം തണുപ്പിക്കാനാണ് രാഷ്ട്രീയ പ്രതിരോധത്തിന് ദൈവികതയെ ആശ്രയിക്കുന്ന പോസ്റ്റുമായി സിപിഎം ജില്ല കമ്മിറ്റിയെത്തിയത്. എന്നാല്‍ ദൈവികത വേണ്ടെന്നും വിശ്വാസ ആചാരങ്ങളുമായി ബന്ധപ്പെട്ട സിപിഎം ആശയം മതിയെന്നും സിപിഎം നേതൃത്വം തന്നെ ആവശ്യപ്പെട്ടതോടെയാണ് ജില്ല കമ്മിറ്റിക്ക് എഫ് ബി പോസ്റ്റില്‍ ഭഗവാനെ വെട്ടേണ്ടി വന്നത്.