റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ ഭയപ്പെടുന്നുവെന്നും, രാജ്യത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപ് തീരുമാനിക്കാനും പ്രഖ്യാപിക്കാനും മോദി അനുവദിച്ചത് എന്തിനാണെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി ഇത് രാജ്യത്തിന്റെ ഊര്‍ജ്ജ താല്‍പ്പര്യങ്ങളെയും നയതന്ത്രപരമായ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ‘ആവര്‍ത്തിച്ചുള്ള അവഹേളനങ്ങള്‍’ ഉണ്ടായിട്ടും പ്രധാനമന്ത്രി അദ്ദേഹത്തിന് അഭിനന്ദന സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റ് നടപടികളും രാഹുല്‍ ചൂണ്ടിക്കാട്ടി. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയതും, ഷാം എല്‍-ഷെയ്ഖ് ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നതും ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയതിന്റെ സൂചനകളാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഓപ്പറേഷന് സിന്ദൂര്‍’ വിഷയത്തിലും പ്രധാനമന്ത്രിയുടെ മൗനം രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. ഓപ്പറേഷന് സിന്ദൂര്‍ സംബന്ധിച്ച് ട്രംപ് ഉന്നയിച്ച അവകാശവാദങ്ങളെ തിരുത്താന്‍ മോദി തയ്യാറാകുന്നില്ല. രാജ്യസുരക്ഷയും നയതന്ത്രപരമായ സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദേശ ശക്തിയുടെ ഭീഷണികള്‍ക്ക് വഴങ്ങുന്നുവെന്ന ഗുരുതരമായ സൂചനയാണ് ഈ സംഭവങ്ങളെല്ലാം നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.