Walk against drugs| ലഹരിമാഫിയക്കെതിരെ ജനകീയ പ്രതിരോധം തീര്‍ത്ത് രമേശ് ചെന്നിത്തലയുടെ ‘വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്സ്’ കോട്ടയത്ത്; 12-ാമത് സമൂഹ നടത്തം സമാപിച്ചു

Jaihind News Bureau
Thursday, October 16, 2025

രമേശ് ചെന്നിത്തലയുടെ പന്ത്രണ്ടാമത് വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് കോട്ടയത്ത് നടന്നു. കേരളത്തിലുടനീളം വേരുകളാഴ്ത്തിയ ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിക്കെതിരെ സമൂഹ നടത്തമാണ് കോട്ടയത്ത് നടന്നത്. പ്രൗഡ് കേരളയുടെ പന്ത്രണ്ടാമത് വാക്ക് ഏഗന്‍സ്റ്റ് ഡ്രഗ്‌സ് – ലഹരിക്കെതിരെ സമൂഹ നടത്തം കോട്ടയം കളക്ട്രേറ്റിന് മുന്നില്‍നിന്ന് ആരംഭിച്ച് ഗാന്ധി സ്‌ക്വയറിന് മുന്‍പില്‍ സമാപിച്ചു.

ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള. ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട് ആണ്. തുടര്‍ന്ന് തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട കാസര്‍ഗോഡ് അടക്കം 11 ജില്ലകള്‍ പിന്നിട്ട ശേഷമാണ് കോട്ടയത്ത് എത്തിയത്. കോട്ടയം കലക്ടറേറ്റ് നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ യാത്രയുടെ ഫ്‌ലാഗ് ഓഫ് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദ്വിയസ്‌കോറോസ് തിരുമേനി നിര്‍വഹിച്ചു.

ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകര്‍ക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം എന്നും.. പഞ്ചാബിനെ ലഹരിയില്‍ മുക്കിയ സംഘമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ചുവടു മാറ്റുന്നതെന്നും.. ഇതിനെതിരേ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരല്‍ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്മെന്റ് നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

ഗാന്ധി സ്‌ക്വയറില്‍ നടന്ന സമാപന സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ജാഥാ അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. കോട്ടയത്തെ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് യാത്രയില്‍ അണിചേര്‍ത്തത്.

പതിമൂന്നാമത് വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സ് 21 ന് ഇടുക്കിയില്‍ നടക്കും. മുപ്പതാം തീയതി എറണാകുളത്ത് നടക്കുന്ന പരിപാടിയോടുകൂടി വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സിന്റെ ജില്ലാതല വാക്കത്തോണുകള്‍ക്ക് സമാപനമാകും.