ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശ് എംപി നയിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’ ഇന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍

Jaihind News Bureau
Thursday, October 16, 2025

കൊല്ലം/പത്തനംതിട്ട: ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കും സ്വര്‍ണ്ണക്കൊള്ളക്കുമെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’ ഇന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പര്യടനം നടത്തും. യാത്രയ്ക്ക് ഇരു ജില്ലകളിലും ആവേശകരമായ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

രാവിലെ 10 മണിക്ക് ശാസ്താംകോട്ടയില്‍ നിന്നാണ് ഇന്നത്തെ സ്വീകരണ പരിപാടികള്‍ ആരംഭിക്കുക. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, 11:30-ന് കൊട്ടാരക്കരയില്‍ യാത്രയെത്തുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2 മണിക്ക് അഞ്ചലില്‍ എത്തുന്ന യാത്രയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാന്‍ പ്രവര്‍ത്തകര്‍ സജ്ജരാണ്. ഇവിടെ മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

അഞ്ചലിലെ പരിപാടിക്ക് ശേഷം യാത്ര കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കും. പത്തനംതിട്ടയിലെ പ്രവേശന കവാടമായ കോന്നിയില്‍ യാത്രയ്ക്ക് ആവേശകരമായ വരവേല്‍പ്പ് ഒരുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഈ രണ്ട് ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം യാത്ര നാളത്തെ പര്യടനത്തിനായി അടുത്ത ജില്ലയിലേക്ക് പ്രവേശിക്കും.