
പട്ന: എന്‍ഡിഎയുടെ സീറ്റ് പങ്കിടല്‍ ഫോര്‍മുല പ്രഖ്യാപിച്ചതു മുതല്‍ നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലെ രാഷ്ട്രീയം കലുഷിതമാണ്. സീറ്റുവിഭജനത്തിലാണ് ഘടകകക്ഷികളില്‍ അസംതൃപ്തി പുകയുന്നത്. അനിഷ്ടം പരിഹരിക്കാനുള്ള രാഷ്ട്രീയചര്‍ച്ചകള്‍ സൗഹൃദപരമാണെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും, ഈ നീക്കം മുന്നണിയില്‍ വന്‍ അസ്വസ്ഥതകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റ് വിഭജന കരാര്‍ പ്രകാരം, ബിജെപിയും ജെഡി(യു)വും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് (റാം വിലാസ്) 29 സീറ്റുകള്‍ അനുവദിച്ചു, അതേസമയം ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം(എസ്), ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവ ആറ് സീറ്റുകളില്‍ വീതം മത്സരിക്കും.
എന്നാല്‍ ഈ ഫോര്‍മുല എല്ലാവരും സ്വീകരിച്ചില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ജെഡി(യു)വിന് ലഭിച്ച സീറ്റുകളില്‍ ചിലത് പാസ്വാന്റെ പാര്‍ട്ടിക്ക് നല്‍കിയതില്‍ പ്രതിഷേധം തുടരുകയാണ്. ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷവും സോന്‍ബര്‍സ, രാജ്ഗീര്‍, എക്മ, മോര്‍വ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ ജെഡിയു തയ്യാറായില്ല. എല്‍ ജെപിയ്ക്ക് അനുവദിച്ച ഈ മണ്ഡലങ്ങളില്‍ ജെഡിയുവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ നല്കി. മാഞ്ചിയും കുഷ്വാഹയും അതൃപ്തി പ്രകടിപ്പിക്കുകയും ഈ ക്രമീകരണം എന്‍ഡിഎയുടെ സാധ്യതകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, ജെഡി(യു) മൗനം പാലിക്കുകയാണ്.
ജെഡി(യു)വിന് അനുവദിച്ച സീറ്റുകളില്‍ പകുതിയോളം പാര്‍ട്ടിക്ക് ദുര്‍ബലമായതും തോല്ക്കാന് സാധ്യതയുള്ളതുമായ മണ്ഡലങ്ങളിലാണെന്ന് ഇവര്‍ വിലയിരുത്തുന്നു. ഇത് പാര്‍ട്ടിയുടെ അംഗസംഖ്യ കുറച്ചേക്കാം. ജെഡി(യു)വിന്റെ ശക്തികേന്ദ്രങ്ങളിലെ ഏകദേശം 10 സീറ്റുകള്‍ ചിരാഗിന് കൈമാറുകയാണുണ്ടായത്. നിതീഷും അദ്ദേഹത്തിന്റെ സഹായികളും വിശ്വസിക്കുന്നത് ബിജെപി മനഃപൂര്‍വ്വം ജെഡിയുവിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും പാര്‍ട്ടി നേതാക്കളായ സഞ്ജയ് ഝായും ലാലന് സിംഗും സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യത്തേക്കാള്‍ ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ക്കാണ് പ്രവര്‍ത്തിച്ചതെന്നുമാണ്. ഒരുകാലത്ത് നിതീഷിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായിരുന്ന ലാലന് സിംഗ് അദ്ദേഹത്തിനെതിരെ തിരിയുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തെ ‘നിര്‍ബന്ധിക്കുകയായിരുന്നു’ എന്ന് ജെഡി(യു) വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2023-ല്‍, ലാലനുമായി അടുത്ത ബന്ധമുള്ളതായി കരുതുന്ന ബില്‍ഡര്‍ ഗബ്ബു സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 100 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ് ഫയല്‍ ചെയ്തു. ഈ കേസ് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉപയോഗിച്ചതായി ജെഡി(യു) വൃത്തങ്ങള്‍ അവകാശപ്പെട്ടു.
അതുപോലെ, ജെഡി(യു) ഉന്നതരുമായി ബന്ധമുള്ളതും ഝായുമായി അടുപ്പമുള്ളതുമായ സഞ്ജീവ് ഹാന്‍സിനെ ഇഡി അറസ്റ്റ് ചെയ്തു, പിന്നീട് അദ്ദേഹത്തിന്റെ ‘അനുയായികളുടേതാണെന്ന്’ ആരോപിക്കപ്പെടുന്ന 23.72 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു
അതേസമയം, എല്‍ ജെപിയുടെ ‘പ്രധാനപ്പെട്ട സീറ്റുകള്‍’ വെട്ടിക്കുറച്ചതായി പരാതിയുണ്ട്. ദനാപൂര്‍, ലാല്‍ഗഞ്ച്, ഹിസുവ, അര്‍വാല്‍ എന്നിവയുള്‍പ്പെടെ വിജയസാദ്ധ്യതയുള്ള പല ഹൈ-പ്രൊഫൈല്‍ മണ്ഡലങ്ങളും ബിജെപി നല്‍കിയില്ല. ഗാവിന്ദ്ഗഞ്ച് (സിറ്റിംഗ് സീറ്റ്), ബ്രഹ്മപൂര്‍ (മത്സരം നടക്കുന്ന സീറ്റ്, ഇവിടെ എല്‍ജെപി(ആര്‍വി) സ്ഥാനാര്‍ത്ഥി ഹുലാസ് പാണ്ഡെക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ലഭിച്ചു) എന്നിങ്ങനെ രണ്ട് ബിജെപി സീറ്റുകള്‍ മാത്രമാണ് പാസ്വാന്റെ പാര്‍ട്ടിക്ക് ഒടുവില്‍ ലഭിച്ചത്.പകരം ഈ സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്ര കുഷ്വാഹയുടെ ക്യാമ്പിലും അതൃപ്തി ഉടലെടുത്തിട്ടുണ്ട്. തന്റെ പാര്‍ട്ടിയുടെ ക്വാട്ടയില്‍ നിന്ന് മഹുവാ സീറ്റ് ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ അദ്ദേഹം അതൃപ്തനാണ്.പ്രതിഷേധ സൂചകമായി കുഷ്വാഹ തന്റെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ നല്‍കാതെ പാര്‍ട്ടിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കുഷ്വാഹയെ അനുനയിപ്പിക്കാന്‍ ബിജെപി രാത്രി മുഴുവന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കുഷ്വാഹ ഡല്‍ഹിയില്‍ എത്തുമെന്നാണ് സൂചന.