കണ്ണൂര്‍: കെ. മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ ജനസാഗരം തീര്‍ത്ത് വന്‍ സ്വീകരണം. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലും ഇരിട്ടിയിലും നൂറുകണക്കിനാളുകളാണ് യാത്രയെ വരവേല്‍ക്കാനെത്തിയത്. വിവിധ മതസ്ഥരുടെ പങ്കാളിത്തം ശ്രദ്ധേയമായി. കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ വെച്ച് ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും മറ്റ് നേതാക്കളും ചേര്‍ന്ന് ജാഥാ നായകന്‍ കെ. മുരളീധരനെ സ്വീകരിച്ചു.
തുടര്‍ന്ന്, കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന സ്വീകരണ പൊതുയോഗത്തില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുരളീധരനെ പൊതുയോഗത്തിലേക്ക് ആനയിച്ചത്. കണ്ണൂരിലെ സ്വീകരണ പൊതുയോഗം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
അയ്യപ്പ സംഗമം നടത്തുകയും ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാപട്യം ജനം തിരിച്ചറിയുമെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു. തുടര്‍ന്ന്, ഇരിട്ടിയില്‍ എത്തിയ വിശ്വാസ സംരക്ഷണ യാത്രയെ കെ.പി.സി.സി. പ്രസിഡന്റും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ജാഥാ നായകന്‍ കെ. മുരളീധരന്‍ നടത്തിയത്. വിശ്വാസ സംരക്ഷണ യാത്രയുടെ ഉപനായകന്‍ ടി. സിദ്ദിഖ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്.
കണ്ണൂരിലെയും ഇരിട്ടിയിലെയും സ്വീകരണ പരിപാടികളില്‍ വിവിധ മതസ്ഥര്‍ പങ്കെടുത്തത് ശ്രദ്ധേയമായി. എല്ലാ മതസ്ഥരുടെയും പിന്തുണ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഉണ്ട് എന്ന കാഴ്ചയാണ് ഈ സ്വീകരണ പൊതുയോഗങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.