തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വിടവാങ്ങുന്നതിന്റെ സൂചനയായി സംസ്ഥാനത്ത് മഴ കനക്കുന്നു. തുലാവര്‍ഷത്തിന് മുന്നോടിയായാണ് മഴ ശക്തമാവുന്നത്. ഇന്നും നാളെയും (ബുധന്‍, വ്യാഴം) സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (വ്യാഴാഴ്ച) നാല് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഈ ദിവസങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
അടുത്ത രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും വിടവാങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. തുലാവര്‍ഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങള്‍ നിലവില്‍ അനുകൂലമാണ്. കേരളത്തിലെ നിലവിലെ മഴ, കാലവര്‍ഷത്തിന്റെ വിടവാങ്ങലിനെയും തുലാവര്‍ഷത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലവിലുള്ള ചക്രവാതച്ചുഴി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കന്യാകുമാരി തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപ് മേഖലയ്ക്കും മുകളില്‍ കേരള-തെക്കന്‍ കര്‍ണാടക തീരത്തിനു സമീപം ഞായറാഴ്ചയോടെ ഈ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇത് അടുത്ത ദിവസങ്ങളില്‍ മഴയുടെ തീവ്രത കൂടാന്‍ കാരണമായേക്കാം. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.