ശമ്പരിമലയിലെ സ്വര്‍ണം കവര്‍ന്നതിന്റെ ഉത്തരവാദിത്വം ഭരണം നടത്തുന്നവര്‍ക്കാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കള്ളന് കപ്പലില്‍ തന്നെ എന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നുവെന്നും അയ്യപ്പനെ സുക്ഷിക്കാന്‍ ഏല്‍പ്പിച്ചവര്‍ തന്നെ കള്ളന്മാരായിയെന്നും അദ്ദേഹം പരിഹസിച്ചു. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പോയി. റിപ്പയര്‍ ആവശ്യമെങ്കില്‍ ശബരിമല വച്ച് തന്നെ ചെയ്യാമായിരുന്നു. കളവിനെ വെളുപ്പിക്കാന്‍ ചെമ്പ് കൊടുത്തയച്ചതായി മഹസര്‍ ഉണ്ടാക്കി. വിശ്വാസികളെ കബളിപ്പിക്കാന്‍ ചെമ്പുകൊണ്ടുള്ള ദ്വാരപാലക ശില്പം കൊണ്ടുവക്കാനാണ് 40 ദിവസമെടുത്തത്. ബോര്‍ഡ് ഭാരവാഹികളായിരുന്നവര്‍ക്ക് വിശ്വാസമില്ലെന്നും മുഖ്യമന്ത്രിക്കും ഗോവിന്ദന്‍മാഷിനും അയ്യപ്പവിശ്വാസമില്ലെന്നും അദ്ദേഹം തൃത്താലയില്‍ നടന്ന വിശ്വാസ സംരക്ഷണ യാത്രയില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്തിയുടെ മകനെതിരെ ഇഡി സമന്‍സ് അയച്ചിട്ട് അത് മുക്കിക്കളഞ്ഞു. അതിന്റെ പേരില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനും മകളും കള്ളപ്പണകേസില്‍ പ്രതികളാണ്. വിശ്വാസം സംരക്ഷിക്കണം. ശബരിമലയിലെ സ്വത്തുക്കളും സംരക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണെന്നും അദ്ദേഹം തൃത്താലയില്‍ പറഞ്ഞു.