NENMARA MURDER CASE| നെന്മാറയെ വിറപ്പിച്ച ചെന്താമരയുടെ ആദ്യ കൊലക്കേസിലെ വിധി ഇന്ന്

Jaihind News Bureau
Tuesday, October 14, 2025

നെന്മാറയെ വിറപ്പിച്ച കുറ്റവാളി ചെന്താമരയുടെ ആദ്യ കൊലക്കേസില്‍ ഇന്ന് വിധി. 2019 ഓഗസ്റ്റ് 31-ന് നടന്ന സജിത കൊലക്കേസിലാണ് പാലക്കാട് അഡീഷണല്‍ ജില്ലാ കോടതി വിധി പ്രസ്താവിക്കുന്നത്. അയല്‍വാസിയായ സജിതയാണ് തന്റെ ഭാര്യയും മക്കളും വീടുവിട്ടുപോകാന്‍ കാരണമെന്ന് സംശയിച്ചാണ് ചെന്താമര ഈ കൊലപാതകം നടത്തിയത്.

ഈ കേസിന്റെ വിചാരണ ഏറെ നാടകീയമായിരുന്നു. 2020-ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 2025 ഓഗസ്റ്റ് 4-ന് സാക്ഷി വിസ്താരം ആരംഭിക്കുകയും ചെയ്തു. കേസില്‍ ആകെ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ എന്നിവരുള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. എന്നാല്‍ വിചാരണ സമയത്ത് കോടതി വളപ്പില്‍ വെച്ചുപോലും ചെന്താമര സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം നടത്തിയ ശേഷം ചെന്താമര നടന്നുപോകുന്നത് കണ്ട പ്രധാന സാക്ഷി പുഷ്പ, ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടുപോയിരുന്നു. പലവട്ടം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോത്തുണ്ടി സ്വദേശിയായ പുഷ്പ തമിഴ്നാട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

കൂടുതല്‍ ശ്രദ്ധേയമായ ഒരു വസ്തുത, ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര കൂടുതല്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തതെന്നതാണ്. 2025 ജനുവരി 27-ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തി. ഈ കൊലപാതകങ്ങള്‍ കാരണം ചെന്താമരയുടെ ഈ ആദ്യ കൊലക്കേസിലെ വിധിക്ക് പ്രാധാന്യം ഏറുകയാണ്.