ശബരിമല സ്വര്‍ണമോഷണം; റാന്നി കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

Jaihind News Bureau
Monday, October 13, 2025

ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പത്തനംതിട്ട റാന്നി കോടതിയില്‍ രണ്ട് എഫ്ഐആറുകള്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ. ശബരിമലയുടെ പരിധിയിലുള്ള കോടതി എന്ന നിലയിലാണ് റാന്നി കോടതിയില്‍ എഫ്ഐആര്‍ നല്‍കിയത്. പ്രതികള്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തി മൊഴിയെടുക്കും.

അതേസമയം, ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തില്‍ പ്രത്യേക സംഘം തിങ്കളാഴ്ച രാവിലെ പരിശോധന നടത്തി.

പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്വര്‍ണപ്പാളി കൈമാറ്റം ചെയ്യാന്‍ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പോറ്റിയുടെ സുഹൃത്തായ നാഗേഷിന്റെ ഹൈദരാബാദിലുള്ള സ്ഥാപനത്തിലാണ് ശബരിമലയില്‍ നിന്നുള്ള സ്വര്‍ണപാളികള്‍ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നത്. ഇവിടെ വെച്ചാണ് പാളിയുടെ തൂക്കത്തില്‍ ഏകദേശം നാലര കിലോയോളം കുറവുണ്ടായത്.