V D Satheesan| ഷാഫി പറമ്പില്‍ എം പിക്കെതിരായ പൊലീസ് അതിക്രമം: ഗൂഢാലോചന വ്യക്തം; ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണെമെന്നും വി ഡി സതീശന്‍

Jaihind News Bureau
Monday, October 13, 2025

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നത് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിയെ കോഴിക്കോട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘ഷാഫി പറമ്പിലിനെ ഗൂഢാലോചന നടത്തി മനഃപൂര്‍വമായി ആക്രമിച്ചതാണ്. ആദ്യം തലയ്ക്കും, പിന്നീട് മുഖത്തും ആണ് പൊലീസുകാര്‍ അടിച്ചത്. ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ’- അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പിയാണ് ഗ്രനേഡ് എറിഞ്ഞതെന്നും, ഗ്രനേഡ് എറിയുന്നതിന് ഒരു നടപടിക്രമവും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഭവത്തില്‍ മറ്റൊരു യുവ പ്രവര്‍ത്തകന്റെ മുഖം തകര്‍ന്നുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണെന്നും എന്തും ചെയ്യാം എന്ന നിലയിലേക്ക് പൊലീസുദ്യോഗസ്ഥര്‍ പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റൂറല്‍ എസ്.പി. ഏത് യോഗത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും അതിന്റെ സംഘാടകര്‍ ആരായിരുന്നു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ പരിപാടിക്ക് പോയാണോ എസ്.പി. ഇങ്ങനെ പറയേണ്ടതെന്നും വി ഡി സതീശന്‍ ചോദിച്ചു. സംഭവത്തിന് ഉത്തരവാദികളായ എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും, ഗൂഢാലോചനയുടെ സത്യം പുറത്തുകൊണ്ടുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.