കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊട്ടാരക്കര ഫയര്‍ & റെസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ഈ ദാരുണമായ സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ 80 അടി താഴ്ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായത്. മരിച്ച അര്‍ച്ചന മൂന്ന് കുട്ടികളുടെ അമ്മയാണ്.
പുലര്‍ച്ചെ 12.15-ഓടെയാണ് അപകടവിവരം കൊട്ടാരക്കര ഫയര്‍ഫോഴ്സിന് ലഭിക്കുന്നത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തുമ്പോള്‍ അര്‍ച്ചനയുടെ രണ്ട് മക്കള്‍ വഴിയില്‍ നില്‍പ്പുണ്ടായിരുന്നു. അമ്മ കിണറ്റില്‍ കിടക്കുകയാണെന്ന് കുട്ടികളാണ് അറിയിച്ചത്. തുടര്‍ന്ന്, കൊട്ടാരക്കര ഫയര്‍ & റെസ്‌ക്യൂ യൂണിറ്റ് അംഗമായ സോണി എസ്. കുമാര്‍ റോപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കിണറിന്റെ കൈവരി ഇടിഞ്ഞുവീണ് അപകടമുണ്ടായത്.
ഈ സമയത്ത് കിണറിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും അര്‍ച്ചനയും കുറച്ചുകാലമായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും, ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് യുവതി കിണറ്റില്‍ ചാടാന്‍ കാരണമെന്നുമാണ് പ്രാഥമിക നിഗമനം.