K.C VENUGOPAL| ‘ഒന്നുമറിയില്ലെന്ന് പറയുന്നത് സിപിഎം സ്ഥിരം ശൈലി’; വസ്തുനിഷ്ഠമായി അന്വേഷണം നടക്കണമെങ്കില്‍ കേരളത്തിന് പുറത്തു നിന്നാകണം’; കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Sunday, October 12, 2025

സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമുണ്ടെങ്കില്‍ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനും ബാധകമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെങ്കില്‍ കേരളത്തിന് പുറത്തു നിന്നുള്ള ഏജന്‍സി തന്നെ അന്വേഷിക്കണം. ഇത്തരവാദിത്തപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം ശൈലി എല്ലാവര്‍ക്കുമറിയാം. ഒന്നുമറിഞ്ഞില്ല എന്ന് പറഞ്ഞ് കൈയൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്നും അതിന് വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. സജീവമായി ഈ വിഷയത്തില്‍ മുന്‍പന്തിയില്‍ നിന്ന ബിജെപി ഇപ്പോള്‍ പിന്‍വാങ്ങിയതും സിപിഎം-ബിജെപി ബാന്ധവം ശക്തമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ അപ്രഖ്യാപിത മുന്നണിയാണ് സിപിഎം ബിജെപിയെന്നും അദ്ദേഹം പരിഹസിച്ചു.