മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിന് ലൈഫ് മിഷന് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത തുടരുന്നു. സമന്‍സ് ലഭിച്ചിട്ടും വിവേക് ഹാജരാകാതിരിക്കുകയും ഇ.ഡിയുടെ തുടര്‍നടപടികള്‍ നിലച്ചുപോവുകയും ചെയ്തതിലാണ് സംശയം നിലനില്‍ക്കുന്നത്. ലൈഫ് മിഷന് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിവേക് കിരണിന് ഇ.ഡി. സമന്‍സ് അയച്ചതെന്നാണ് സൂചന. ക്ലിഫ് ഹൗസ് വിലാസത്തില്‍ 2023 ഫെബ്രുവരി 14-ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനായിരുന്നു സമന്‍സില്‍ ആവശ്യപ്പെട്ടിരുന്നത്.
ഈ സമന്‍സ് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏത് വിഷയത്തിലാണ് സമന്‍സ് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മകന്റെ പങ്കിനെക്കുറിച്ച് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് 2023-ല്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും മകനും മകള്‍ക്കുമെതിരെയും ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ലൈഫ് മിഷന് വിവാദം കത്തിനിന്ന സമയത്താണ് വിവേകിന് സമന്‍സ് ലഭിച്ചത്. എന്നാല്‍, വിവേക് കിരണ്‍ ഹാജരാകാതിരുന്നിട്ടും ഇ.ഡി. തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നത് വലിയ ചര്‍ച്ചാവിഷയമാണ്. മകന് സമന്‍സ് ലഭിച്ച വിവരം മുഖ്യമന്ത്രി പാര്‍ട്ടിയിലും വിശദീകരിച്ചിട്ടില്ല. സമന്‍സ് പുറത്തുവന്നിട്ടും പിണറായി ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ബി.ജെ.പി-സി.പി.എം ഒത്തുകളിയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അന്നുതന്നെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ തെളിവുകള്‍ പുറത്തുവരുന്നത്.