ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അയച്ച സമന്‍സ് ‘ആവിയായിപ്പോയി’ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പരസ്പര ധാരണ ഇപ്പോഴും തുടരുന്നു എന്ന തങ്ങളുടെ പഴയ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. സമന്‍സ് അയച്ചു. എന്നാല്‍ ആ സമന്‍സ് ആവിയായി പോയി. ഇ.ഡി. ഒരു നടപടിയും മുന്നോട്ട് കൊണ്ടുപോയില്ല. മുഖ്യമന്ത്രിയും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. ഞങ്ങള്‍ പണ്ടേ പറയുന്നതാണ് ഇരുവരും തമ്മില്‍ പരസ്പര ധാരണയുണ്ടെന്നുള്ളത്. ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ബോധ്യപ്പെട്ടില്ല, ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലായി. സ്വര്‍ണ്ണക്കള്ളക്കടത്തും ലൈഫ് മിഷന്‍ കേസും ആവിയായി പോയത് എന്തുകൊണ്ടാണ് എന്ന് ഇപ്പോള്‍ മനസ്സിലായി,’ ചെന്നിത്തല പറഞ്ഞു.
അതേസമയം ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ചത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആണെന്ന് കണ്ടെത്തിക്കഴിഞ്ഞെന്നും കള്ളന്മാരുടെ കയ്യില്‍ കയ്യാമം വെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2019-ല്‍ നടന്ന സംഭവമാണ്. അന്ന് നാട് ഭരിച്ചത് ഇടതുമുന്നണിയാണ്. മോഷണം നടത്തിയവരെ സംരക്ഷിച്ചത് ഈ സര്‍ക്കാരുമാണ്. ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ കറവപ്പശുവാക്കുകയാണെന്നും കള്ളന്മാരെ പിടിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫി പറമ്പില്‍ എംപിക്കെതിരെ നിരന്തരമായി ആക്രമണം നടക്കുന്നതായും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിലിനെതിരെ നിരന്തരാക്രമണം നടക്കുന്നു. അത് നീതീകരിക്കാന്‍ ആവില്ല. പോലീസ് ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.