കണ്ണൂര്‍: ഷാഫി പറമ്പില്‍ എം.പി.ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം അലയടിച്ചു. പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കണ്ണൂരിലെ മട്ടന്നൂര്‍, പാനൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ധര്‍മ്മടം പൊലീസ് സ്റ്റേഷനിലേക്കും പെരിങ്ങോം പൊലീസ് സ്റ്റേഷനിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അര്‍ദ്ധരാത്രിയിലാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തിയത്.
ഷാഫി പറമ്പില്‍ എം.പി.ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.