ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ മൂന്നു പ്രത്യേക പദ്ധതികളാക്കി വിഭജിച്ച് നടത്തിപ്പ് വേഗത്തിലാക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയതായി കെ.സി.വേണുഗോപാല്‍ എം.പി. അറിയിച്ചു. ഇതോടെ കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകും. മൊത്തം പദ്ധതിച്ചെലവ് 1726 കോടി രൂപയായി നിശ്ചയിച്ചിരുന്ന എസ്റ്റിമേറ്റ് തുക ഇതോടെ മൂന്നായി വിഭജിക്കും. ഇതനുസരിച്ച് അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള 14 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കുന്നത് ആദ്യഘട്ടമായി ഏറ്റെടുക്കും. ഈ മേഖലയിലെ എസ്റ്റിമേറ്റ് വിശദ പരിശോധന നടത്തിവരികയാണ്. ജനുവരിയോടെ ഡി പി ആര്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ബോര്‍ഡിന്റെ അംഗീകാരം വാങ്ങി തുടര്‍ നടപടികളിലേക്കു കടക്കുമെന്നും ലോക്‌സഭാ മണ്ഡലത്തിലെ ഏഴു പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉന്നതതല റെയില്‍വേ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എം.പി. സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായാണ് അവലോകന യോഗം ചേര്‍ന്നത്.
അമ്പലപ്പുഴയില്‍ കൂടുതല്‍ മിനി പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. ദൈനംദിന ഹ്രസ്വദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം വഴി കടത്തിവിടാനാകുമോ എന്നത് പരിശോധിക്കാന്‍ എം.പി. നിര്‍ദേശിച്ചു. ഒരു ടോയ്‌ലറ്റ് കൂടി നിര്‍മ്മിക്കും. അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കും. സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എം.പി. നിര്‍ദേശിച്ചു.
അരൂര്‍, എഴുപുന്ന, കലവൂര്‍, വയലാര്‍, തുമ്പോളി എന്നിവിടങ്ങളിലും പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മെമുവിന്റെ റേക്കുകള്‍ മെയിന്റനന്‍സിനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോകുന്നതുകാരണം ആലപ്പുഴ വഴി പോകുന്ന മെമു ട്രെയിനുകളില്‍ 16 കോച്ചിനു പകരം 12 കോച്ചായി കുറയുന്നതുമൂലം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായി മെയിന്റനന്‍സിനുള്ള റേക്കുകള്‍ക്കു പകരം ഉപയോഗിക്കുന്നതിന് എട്ടു കോച്ചുകളുള്ള ഒരു റേക്ക് കൂടി അനുവദിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എം.പി. പറഞ്ഞു.