PINARAYI VIJAYAN| ‘എട്ടുമുക്കാലട്ടി’ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; ‘അതൊരു നാടന്‍ പ്രയോഗം’ നജീബ് കാന്തപുരത്തെ ഉദ്ദേശിച്ചല്ലെന്നും ന്യായീകരണം

Jaihind News Bureau
Friday, October 10, 2025

നിയമസഭയില്‍ നടത്തിയ ‘എട്ടുമുക്കാലട്ടി’ എന്ന വിവാദ പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രതിപക്ഷ എം.എല്‍.എയുടെ പേര് പറയാതെയുള്ള ഈ പരാമര്‍ശം ബോഡി ഷെയ്മിംഗ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ന്യായീകരണം നിരത്തിയത്. ‘എട്ടുമുക്കാലട്ടി’ എന്നത് നാടന്‍ പ്രയോഗമാണെന്നും ‘കാറ്റുവന്നാല്‍ വീണുപോകും’ എന്നാണര്‍ത്ഥമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളാന്‍ ശ്രമിച്ച ഒരാളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും, അത് നജീബ് കാന്തപുരത്തെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം, നജീബ് കാന്തപുരത്തിന് ഉയരക്കുറവുണ്ടെങ്കിലും നല്ല ആരോഗ്യമുണ്ടെന്നും, ആരോഗ്യം തീരെ ഇല്ലാത്ത ഒരാളെയാണ് താന്‍ ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയുടെ പരിരക്ഷയുള്ളതുകൊണ്ടാണ് ആരോഗ്യമില്ലാത്തയാള്‍ ആക്രമിക്കാന്‍ തുനിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ ബഹളത്തിനിടെയാണ് മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷം സഭ വിട്ട ശേഷം മറുപടി പറയുന്നതിനിടെ, ‘എട്ടുമുക്കാലട്ടി വച്ച പോലെ’ എന്ന് തന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ടെന്നും, അത്രയും ഉയരമുള്ള ഒരാളാണ് ആക്രമിക്കാന്‍ പുറപ്പെട്ടതെന്നുമായിരുന്നു പരാമര്‍ശം.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് പുച്ഛമാണോ എന്നും, ഇത് ബോഡി ഷെയ്മിംഗ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എം.എല്‍.എ. നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ പരാമര്‍ശത്തെ വിമര്‍ശിക്കുകയും, പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകോല്‍ കൂടി മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് പരിഹസിക്കുകയും ചെയ്തു. അതേസമയം, ഭരണപക്ഷം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.