ഗൈഡ് വയര്‍ നീക്കാനാകില്ല: സുമയ്യയ്ക്ക് ഇനി ട്യൂബുമായി ജീവിക്കണം; ശസ്ത്രക്രിയ ശ്രമം വിഫലം

Jaihind News Bureau
Friday, October 10, 2025

തിരുവനന്തപുരത്ത് ശസ്തക്രിയ പിഴവ് മൂലം നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ കേസില്‍ സുമയ്യയുടെ നെഞ്ചില്‍ നിന്ന് ആ ട്യൂബ് എടുക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ട്യൂബിന്റെ രണ്ടറ്റവും ധമനികളോട് ചേര്‍ന്ന് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന നിലയിലാണ്. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇന്നലെ മെഡിക്കല്‍ കോളേജില്‍ സുമയ്യ അഡ്മിറ്റായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമമായിരുന്നു നടത്തിയത്. എന്നാല്‍ ശ്രമം വിഫലമായി മാറി. നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയറുമായി സുമയ്യയ്ക്ക് ജീവിതം മുന്നോട്ടു നീക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യയെ മെഡിക്കല്‍ ബോര്‍ഡ് വീണ്ടും പരിശോധിച്ചിരുന്നു. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലുണ്ടായിരുന്നു. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ ഗൈഡ് വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകും എന്നയിരുന്നു് നിഗമനം. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ ശ്വാസം മുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്.