NOBEL PRIZE| 2025 ലെ സമാധാന നൊബേല്‍: വെനസ്വലേയിലെ മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് മരിയാ കൊറീനാ മച്ചാഡോയ്ക്ക് പുരസ്‌കാരം; ട്രംപിന് നിരാശ

Jaihind News Bureau
Friday, October 10, 2025

2025 ലെ സമാധാന നൊബേല്‍ പുരസ്‌കാരം മരിയാ കൊറീനാ മച്ചാഡോയ്ക്ക്. വെനസ്വലേയിലെ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. വെനസ്വലേയിലെ പ്രതിപക്ഷ നേതാവാണ് മരിയ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ അവസാനിപ്പിച്ചു എന്ന അവകാശവാദത്തില്‍ നോബേല്‍ പുരസ്‌കാരത്തിനായ് വാദിച്ചിരുന്നെങ്കിലും നിരാശനായി.

ലാറ്റിനമേരിക്കയിലെ സമീപകാല ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് മരിയ കൊറിന മച്ചാഡോ. വെനസ്വേലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഏകീകരിക്കുന്നതില്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 2002-ല്‍ രാഷ്ട്രീയത്തിലെത്തിയ മച്ചാഡോ, അലക്‌സാന്‍ഡ്രോ പ്ലാസിനൊപ്പം സജീവമാവുകയും പിന്നീട് വെന്റെ വെനസ്വേല പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററായി മാറുകയും ചെയ്തു. 2012-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, 2014-ല്‍ നിക്കോളാസ് മഡുറോ സര്‍ക്കാരിനെതിരായ വെനസ്വേലന്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരപ്പോരാളിയായി ഇവര്‍ നിലകൊണ്ടു. ലോകത്തെ സ്വാധീനിച്ച വനിതകളില്‍ ഒരാളായി മച്ചാഡോയെ 2018-ല്‍ ബിബിസിയും ഈ വര്‍ഷം ടൈം മാഗസിനും തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, 7 യുദ്ധങ്ങള്‍ താന്‍ അവസാനിപിച്ചുവെന്നും സമാധാന പുരസ്‌കാരം ലഭിക്കാന്‍ തന്നെ കവിഞ്ഞ് മറ്റാര്‍ക്കും അര്‍ഹതയില്ലെന്നും നിരവധി തവണ ട്രംപ് വാദിച്ചിരുന്നു. അതിന് മങ്ങലേല്‍ക്കുക കൂടിയാണ് പ്രഖ്യാപനത്തിലൂടെ സംഭവിച്ചിരിക്കുന്നത്.