ശബരിമല സ്വര്‍ണ്ണക്കൊള്ള: 475 ഗ്രാം സ്വര്‍ണത്തില്‍ ക്രമക്കേട്; തിരിമറി നടന്നെന്ന് ഹൈക്കോടതി

Jaihind News Bureau
Friday, October 10, 2025

 

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2019-ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലക ശില്‍പ്പങ്ങളിലെ ചെമ്പുപാളികള്‍ക്ക് പുറമെ, ലിന്റല്‍, വശങ്ങളിലെ ഫ്രെയിമുകള്‍ എന്നിവയില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേടുണ്ടോ എന്നും കോടതി പരിശോധിച്ചു.

ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019-ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈമാറിയ നടപടി സംശയാസ്പദമാണ് എന്നും കോടതി വിലയിരുത്തി. കൈമാറിയപ്പോള്‍ ഇത് ചെമ്പുപാളികളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീകോവിലിന്റെ മുമ്പിലെയും പിന്നിലെയും വാതിലുകളും സ്വര്‍ണം പൊതിഞ്ഞിരുന്നതായും വിജിലന്‍സ് ഓഫീസര്‍ ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചതായും കോടതി നിരീക്ഷിച്ചു.

സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നിര്‍ദേശം നല്‍കി. ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് വഴി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകണം എസ്.ഐ.ടി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങേണ്ടത്. സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. കേസിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് രണ്ട് ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ സംസ്ഥാന പോലീസ് മേധാവിയെയും കക്ഷിചേര്‍ത്തു.

അന്വേഷണത്തിന് ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും, ഒരു വിവരവും പുറത്തുപോകരുതെന്നും കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കണം. പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നേരിട്ട് കോടതിക്ക് കൈമാറണം. കൂടാതെ, കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.