U Prathibha| ‘ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറും’; സദാചാര പ്രസംഗവുമായി യു. പ്രതിഭ എം.എല്‍.എ; മോഹന്‍ലാലിനും വിമര്‍ശനം

Jaihind News Bureau
Friday, October 10, 2025

 

കായംകുളം: സംസ്ഥാനത്ത് ഉദ്ഘാടന വേദികളില്‍ എത്തുന്ന സിനിമാ താരങ്ങളുടെ വസ്ത്രധാരണ രീതിയെയും, നടന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എ. യു. പ്രതിഭ. കായംകുളത്ത് നടന്ന ഒരു സാംസ്‌കാരിക പരിപാടിക്കിടെയായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതി. തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണ്. അത് നിര്‍ത്താന്‍ പറയണം, തുണിയുടുത്ത് വരാന്‍ പറയണം,’ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനെ സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത് എന്നും, മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത നടന്‍ മോഹന്‍ലാല്‍ നടത്തുന്ന ഒരു ടെലിവിഷന്‍ ഷോയെയും യു. പ്രതിഭ ശക്തമായി വിമര്‍ശിച്ചു. മോഹന്‍ലാല്‍ നടത്തുന്ന ഒരു ‘ഒളിഞ്ഞുനോട്ട പരിപാടിയാണ്’ അതെന്നും, മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും, അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുകയുമാണ് പരിപാടിയെന്നും എം.എല്‍.എ ആരോപിച്ചു. ‘അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നത്,’ എന്നും അവര്‍ പരിഹസിച്ചു.

ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ല, മറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ‘പച്ച മനുഷ്യരാണ്’ എന്നും അത് ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയ്യാറാവണം എന്നും എം.എല്‍.എ പ്രസംഗത്തില്‍ പറഞ്ഞു. യു പ്രതിഭയുടെ പ്രസ്താവനകള്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.