K C Venugopal M P| ശബരിമല സ്വര്‍ണ്ണകൊള്ള: തലയൂരാനുള്ള സര്‍ക്കാര്‍ ശ്രമം അനുവദിക്കില്ല; ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കെ.സി. വേണുഗോപാല്‍ എം പി

Jaihind News Bureau
Friday, October 10, 2025

ശബരിമലയില്‍ നടന്ന സ്വര്‍ണപ്പാളിയും യോഗദണ്ഡും രുദ്രാക്ഷമാലയും ഉള്‍പ്പെടെയുള്ള ദേവസ്വം സ്വത്തുക്കളുടെ കൊള്ളയടി ഭീകരമായിട്ടുള്ള തീവെട്ടിക്കൊള്ളയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഹൈക്കോടതിയുടെ ഇടപെടല്‍ മൂലമാണ് സത്യങ്ങള്‍ പുറത്തുവന്നത്. ഇത്രയേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാരിന് കൂസലില്ലാത്തതും ഈ കൊള്ളയടിക്ക് സര്‍ക്കാര്‍ കൂട്ടുനിന്നതും അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന് പലതും മൂടിവെക്കാനുള്ളതുകൊണ്ടാണ് ഇപ്പോഴും വിശ്വാസ്യതയുള്ള ക്രിയാത്മകമായ അന്വേഷണത്തിലേക്ക് കടക്കാത്തതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാര്‍ ഇതില്‍ നിന്നും തലയൂരാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ല. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി ശക്തമായ പോരാട്ടവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവമായി കൂടിക്കാഴ്ച നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. കരുനാഗപ്പള്ളി മുതല്‍ തുറവൂര്‍ വരെയുള്ള പ്രദേശങ്ങളിലെ സ്റ്റോപ്പേജുകളിലും വികസന പ്രവര്‍ത്തനങ്ങളിലും വേഗം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയം ശ്രദ്ധിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.