Kozhikode| കൂടരഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിക്ക് പൊലീസ് മര്‍ദനം: പരാതി വ്യാജമെന്ന് ആരോപണം

Jaihind News Bureau
Friday, October 10, 2025

കോഴിക്കോട് കൂടരഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അസം സ്വദേശിയായ അതിഥി തൊഴിലാളിക്ക് പൊലീസിന്റെ ക്രൂര മര്‍ദനം. അസം സ്വദേശിയായ മൊമിനുള്‍ ഇസ്ലാം എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാള്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കൂടരഞ്ഞി സ്വദേശിയാണ് രാവിലെ എട്ട് മണിയോടെയാണ് ജോലിക്കായി മൊമിനുളിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജോലി കഴിഞ്ഞ ശേഷം കുളിച്ചുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് റൂമിലേക്ക് വിളിച്ചുവരുത്തി മസാജ് ചെയ്യിപ്പിക്കുകയും, തുടര്‍ന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തതോടെ താന്‍ ഇറങ്ങി ഓടുകയായിരുന്നു എന്ന് മൊമിനുള്‍ പറയുന്നു.

ഇതിനു പിന്നാലെ, താന്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് കൂടരഞ്ഞി സ്വദേശി വ്യാജ പ്രചാരണം നടത്തുകയും പൊലീസിനെ വിളിച്ചുവരുത്തി മുറിയിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. രണ്ട് പൊലീസുകാരും മറ്റൊരാളുമാണ് തന്നെ മര്‍ദിച്ചതെന്നും മൊമിനുള്‍ ഇസ്ലാം ആരോപിച്ചു. ഇയാളുടെ സഹോദരനും മര്‍ദനമേറ്റു. സംഭവത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.